കൊല്ലപ്പെട്ട ഗർഭിണിയുടെ വയറുകീറിയെടുത്ത കുഞ്ഞ് ജീവിച്ചു
Thursday, May 23, 2019 12:10 AM IST
ഷിക്കാഗോ: നിഷ്ഠൂരമായി കൊല്ലപ്പെട്ട ഗർഭിണിയുടെ വയറുകീറി പുറത്തെടുത്ത ആൺകുഞ്ഞ് അദ്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നു. ഷിക്കാഗോയിലെ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴു ള്ളത്.
പത്തൊന്പതു വയസുള്ള മാർലെൻ ഒച്ചോവ ലോപസിന്റെ മൃതദേഹം ഷിക്കാഗോയിലെ ഒരു വസതിക്കു പിന്നിലെ ചവറ്റുപാത്രത്തിൽ കണ്ടെത്തുകയായിരുന്നു. മാർലെന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചിരുന്നില്ല. ഉടൻ ആശുപത്രിയിലാക്കി കുഞ്ഞിനെ പുറത്തെടുത്തു.
കുട്ടികളുടെ ഉടുപ്പുകൾ സൗജന്യമായി നല്കുമെന്ന് ഫേസ്ബുക്കിലൂടെ ഒരു കൂട്ടർ പറഞ്ഞതിനെത്തുടർന്നാണ് മാർലെൻ ഷിക്കാഗോയിലെ വസതിയിലെത്തിയതെന്നു പോലീസ് കണ്ടെത്തി.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് യുവതിയെ ആകർഷിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുഞ്ഞ് ജീവിക്കണമേയെന്ന പ്രാർഥനയിലായിരുന്നു അച്ഛൻ യൊവാനി ലോപ്പസും ആശുപത്രി ജീവനക്കാരും. കുഞ്ഞിനെ അച്ഛൻ എടുക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.