അലബാമയിൽ ഗർഭഛിദ്രവിരുദ്ധ ബിൽ പാസാക്കി
Thursday, May 16, 2019 12:00 AM IST
മോണ്ട്ഗോമറി: ഗർഭഛിദ്രത്തിനു കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ബിൽ അലബാമാ സംസ്ഥാന സെനറ്റ് പാസാക്കി. ബലാത്സംഗത്തിലോ വർജ്യബന്ധത്തിലോ ഉള്ള ഗർഭങ്ങളുടെ കാര്യത്തിലും ഇളവില്ലാത്തതാണു ബിൽ. ചൂടേറിയ ചർച്ചകൾക്കുശേഷം ആറിനെതിരേ 25 വോട്ടിനു ബിൽ പാസായി.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ടെറി കോളിൻസ് അവതരിപ്പിച്ച ബിൽ ഇനി ഗവർണർ കേ ഐവി ഒപ്പുവച്ചാലേ നിയമമാകൂ. ഗവർണർ ഇതുവരെ ബില്ലിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലെ ഗർഭഛിദ്ര വിരുദ്ധനിയമങ്ങൾ ഒറ്റയടിക്കു റദ്ദാക്കിയ 1973-ലെ യുഎസ് സുപ്രീംകോടതി വിധി (റോ-വേഡ് കേസിൽ) മറികടക്കുന്ന നിയമനിർമാണമാകുമിത്. ഗർഭഛിദ്രം മഹാപാതകമായി ബിൽ കണക്കാക്കുന്നു. ജീവപര്യന്തമോ പത്തു മുതൽ 99 വർഷം വരെയോ തടവുകിട്ടാവുന്നതാണ് കുറ്റം.
നോർമ മക്കോർവി എന്ന സ്ത്രീയാണ് ജെയ്ൻ റോ എന്ന പേരിൽ കേസ് നടത്തി ഗർഭഛിദ്ര നിരോധനത്തിനെതിരേ വിധി നേടിയത്.
ദശകങ്ങൾക്കുശേഷം മക്കോർവിയുടെ കാഴ്ചപ്പാട് മാറുകയും അവർ പ്രോലൈഫ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനെതിരേ പുസ്തകങ്ങൾ എഴുതി. റോ-വേഡ് കേസിനെ തന്റെ ഏറ്റവും വലിയ തെറ്റായി അവർ ഏറ്റുപറഞ്ഞു.
കത്തോലിക്കാ സഭയിൽ ചേർന്ന ശേഷമാണു മക്കോർവി 2017-ൽ 70-ാം വയസിൽ മരിച്ചത്.