ബംഗാളി ഗായകൻ പ്രദുൽ മുഖോപാധ്യായ അന്തരിച്ചു
Sunday, February 16, 2025 2:06 AM IST
കോൽക്കത്ത: പ്രശസ്ത ബംഗാളി ഗായകനും ഗാനരചയിതാവുമായ പ്രദുൽ മുഖോപാധ്യായ (82) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
‘അമി ബംഗ്ലായ് ഗാൻ ഗൈ’, ‘ദിംഗ ഭാഷാവോ സാഗോർ’ തുടങ്ങിയ പ്രശസ്ത ഗാനങ്ങളുടെ രചനയും ആലാപനവും പ്രദുലിനെ പ്രശസ്തിയിലേക്ക് ഉയർത്തി. സാമൂഹ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഗാനങ്ങൾ സംഗീതത്തിന്റെ അകന്പടിയില്ലാതെ പാടിയും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു.
കഴിഞ്ഞദിവസം എസ്എസ്കെഎം ആശുപത്രിയിൽ ശസ്ത്രക്രീയയ്ക്കു വിധേയനായിരുന്നു.ഭാര്യക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് ഗായകൻ നേരത്തേ നിർദേശിച്ചിരുന്നു.
ഗവർണർ സി.വി. ആനന്ദബോസ്, മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.