നീറ്റ് യുജി പരീക്ഷ മേയ് നാലിന്
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: ഈവർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് -യുജി) മേയ് നാലിന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
മാർച്ച് ഏഴുവരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈൻ രീതിയിൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ വിശദമായ ചർച്ച നടത്തിയെങ്കിലും ഇത്തവണയും എഴുത്തുപരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവർഷം 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. എംബിബിഎസിന് 1,08,000 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 56,000 സീറ്റുകൾ സർക്കാർ മെഡിക്കൽ കോളജുകളിലെയാണ്.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ കഴിഞ്ഞതവണത്തെ പരീക്ഷാ നടത്തിപ്പ് വലിയ വിവാദത്തിലായിരുന്നു. ഇതേത്തുടർന്ന് പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കുന്നതിനായി ഐസ്ആർഒ മുൻ അധ്യക്ഷൻ ആർ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു.