മണൽഖനനം 10 ലക്ഷം തീരവാസികളെ കുടിയിറക്കാനെന്ന് ജോസ് കെ. മാണി
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഓഫ്ഷോർ ഏരിയ മിനറൽ ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ (ഒഎഎംഡിആർ) പ്രകാരമുള്ള മണൽഖനനം വഴി കേരളതീരത്തെ പത്തുലക്ഷത്തോളം മൽസ്യത്തൊഴിലാളികൾ കുടിയിറക്കു ഭീഷണിയിലാണെന്നു രാജ്യസഭയിലെ ശൂന്യവേളയിൽ ജോസ് കെ. മാണി.
ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി നടപ്പാക്കിയ വനാവകാശ നിയമത്തിനു സമാനമായി, തീരദേശ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി കടലവകാശ നിയമം നടപ്പാക്കണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ആവശ്യപ്പെട്ടു.
സമുദ്രത്തിലും സമുദ്ര വിഭവങ്ങളിലും പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിയമപരമായ അവകാശം ലഭ്യമാക്കേണ്ടതു രാജ്യത്തിന്റെ കടമയാണ്. കൊല്ലം പ്രദേശത്തെ 242 ചതുരശ്ര കിലോമീറ്റർ ഖനനം ചെയ്യാൻ ടെൻഡർ നടപടികൾ തുടങ്ങി.
കൊല്ലത്തിനു പിന്നാലെ മറ്റു പ്രദേശങ്ങളിലും മണൽഖനനം വ്യാപിപ്പിക്കാനാണു കേന്ദ്രതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഖനന നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
കൊല്ലം നോർത്ത്- സൗത്ത്, പൊന്നാനി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലായി കേരളതീരത്ത് 745 ദശലക്ഷം ടണ്‍ മണൽ നിക്ഷേപമുള്ളതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഖനനം ചെയ്യാൻ പോകുന്ന മണൽമലകൾ കേരളത്തിലൂടെ ഒഴുകുന്ന 42 നദികളുടെ ഉത്പന്നമാണെന്ന് ജോസ് ചൂണ്ടിക്കാട്ടി.
ആഴത്തിലുള്ള തീരദേശ മണൽഖനനം സമുദ്ര ആവാസവ്യവസ്ഥയെ തകിടംമറിക്കും. മത്സ്യപ്രജനനം തടസപ്പെടുത്തുകയും മത്സ്യസന്പത്തു നശിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ സമുദ്രോത്പന്ന വ്യവസായത്തിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാകുമെന്നും ജോസ് മുന്നറിയിപ്പു നൽകി. കോർപറേറ്റുകൾക്കു ലാഭമുണ്ടാക്കുന്നതിനാണ് കൊല്ലത്തെ നിർദിഷ്ട കടൽത്തീര മണൽഖനനമെന്നും അദ്ദേഹം പറഞ്ഞു.