ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; ഫലപ്രഖ്യാപനം 23ന്
Wednesday, October 16, 2024 2:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഉപതെരഞ്ഞെടുപ്പുകളുമായി കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 20നു നടക്കും.
ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കു രണ്ടു ഘട്ടമായി നവംബർ 13നും 20നും പോളിംഗ് നടക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എല്ലായിടങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ 23ന് നടക്കും.
വയനാട് അടക്കം മൂന്നു ലോക്സഭാ സീറ്റിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 47 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 13നാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റിലേക്കും ജാർഖണ്ഡിലെ ആദ്യ ഘട്ടം മണ്ഡലങ്ങളിലേക്കും ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്ന വെള്ളിയാഴ്ച മുതൽ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 25നും സൂക്ഷ്മപരിശോധന 28നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30നും ആണ്.
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26നും ജാർഖണ്ഡിന്റെ കാലാവധി ജനുവരി അഞ്ചിനും അവസാനിക്കുന്നതിനു മുന്പായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കും. രണ്ടു സംസ്ഥാനങ്ങളിലായി 12 കോടിയിലധികം വോട്ടർമാരാണുള്ളത്.
സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്താണു ജമ്മു- കാഷ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളോടൊപ്പം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു നടത്താൻ കഴിയാതിരുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ), കോണ്ഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും ബിജെപിയും ശിവസേനയും (ഏകനാഥ് ഷിൻഡെ) എൻസിപിയും (അജിത് പവാർ) ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണു കളമൊരുങ്ങുന്നത്.
2019ൽ, കോണ്ഗ്രസ്, ശിവസേന, എൻസിപി ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 154 സീറ്റുകൾ നേടി ഭരണത്തിലെത്തിയിരുന്നു. ശിവസേനയെയും എൻസിപിയെയും പിളർത്തിയാണു പിന്നീടു ബിജെപി അധികാരം പിടിച്ചത്.
ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്ഗ്രസും സഖ്യത്തിൽ മത്സരിക്കും. ബിജെപി സഖ്യത്തിൽ നിതീഷ് കുമാറിന്റെ ജെഡിയുവും ഓൾ ജാർഖണ്ഡ് വിദ്യാർഥി യൂണിയനും പങ്കാളികളാകും.
2019ലെ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകളും കോണ്ഗ്രസ് 16 സീറ്റുകളും നേടിയിരുന്നു. ബിജെപി 25 സീറ്റുകളിലാണു ജയിച്ചത്.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് സമയക്രമം
വിജ്ഞാപനം ഒക്ടോബർ 18
പത്രിക സമർപ്പണം അവസാനം ഒക്ടോബർ 25
സൂക്ഷ്മപരിശോധന ഒക്ടോബർ 28
പത്രിക പിൻവലിക്കൽ അവസാനം ഒക്ടോബർ 30
വോട്ടെടുപ്പു തീയതി നവംബർ 13
വോട്ടെണ്ണൽ, ഫലപ്രഖ്യാപനം നവംബർ 23