വയനാട്ടിൽ പ്രിയങ്ക, പാലക്കാട്ട് രാഹുൽ, ചേലക്കരയിൽ രമ്യ
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: വയനാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പാലക്കാട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസിനെയും യുഡിഎഫ് സ്ഥാനാർഥികളായി എഐ സിസി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും യുഡിഎഫും ഒരുമുഴം മുന്നേ കളത്തിലിറങ്ങി.
റായ്ബറേലിയിൽനിന്നു കൂടി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന വയനാട്ടിൽ പ്രിയങ്ക യുഡിഎഫ് സ്ഥാനാർഥിയാകുന്നതോടെ ഒരിക്കൽകൂടി മണ്ഡലം ദേശീയ ശ്രദ്ധയിലാകും.
വയനാട്ടിൽ 3.64 ലക്ഷം ഭൂരിപക്ഷത്തിനു ജയിച്ച രാഹുലിന്റെ പാത തുടരുന്നതിനായി പ്രിയങ്ക വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് എഐസിസിയും രാഹുലും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രിയങ്കയ്ക്കെതിരേ മത്സരിക്കാനുള്ള എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്നലെയും ആശയക്കുഴപ്പം തുടരുന്നുണ്ടെങ്കിലും വൈകാതെ തീരുമാനം ഉണ്ടാകും.
പാലക്കാട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ പേരും പരിഗണിച്ചിരുന്നുവെങ്കിലും രാഹുലിനാണ് വിജയസാധ്യതയെന്ന് പാർട്ടി വിലയിരുത്തുകയായിരുന്നു. ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസിന്റെയും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന്റെയും പേരുമാത്രമാണ് എഐസിസിക്കു കെപിസിസി നൽകിയത്.
എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടെങ്കിലും അന്തിമ തീരുമാനത്തിനു ശേഷം ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. സിപിഐ മത്സരിക്കുന്ന വയനാട് ലോക്സഭാ സീറ്റിൽ കഴിഞ്ഞ തവണ തോറ്റ ആനി രാജയെ ഇത്തവണ പരിഗണിക്കില്ല.
രമ്യ ഹരിദാസിനെ തോൽപ്പിച്ചു ലോക്സഭയിലേക്കു ജയിച്ച മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ ഒഴിവിൽ ചേലക്കരയിൽ യു.ആർ. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാലക്കാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെയും ഡിവൈഎഫ്ഐ നേതാവ് വി. വസീഫിന്റെയും പേരുകളാണ് എൽഡിഎഫ് പ്രധാനമായും പരിഗണിക്കുന്നത്.
എം.ടി. രമേശ്, എ.പി. അബ്ദുള്ളക്കുട്ടി, ശോഭ സുരേന്ദ്രൻ, പ്രഫ. ടി.എൻ. സരസു, സി. കൃഷ്ണകുമാർ തുടങ്ങിയ പേരുകളാണ് മൂന്നു മണ്ഡലങ്ങളിലേക്കായി ബിജെപി പരിഗണിക്കുന്നത്. ഇവരിൽ സരസുവാകും ചേലക്കരയിലെ സ്ഥാനാർഥി.