യജമാനനെ അവസാനമായി കാണാൻ ‘ഗോവ’യുമെത്തി
Friday, October 11, 2024 3:01 AM IST
മുംബൈ: വ്യവസായി രത്തൻ ടാറ്റയെ അവസാനമായി ഒരുനോക്കു കാണാൻ പ്രിയ വളർത്തുനായ ‘ഗോവ’യും എത്തി. ഭൗതികദേഹം മുംബൈയിലെ നാഷണൽ സെന്റർ ഫോർ ദ പോർഫോമിംഗ് ആർട്സിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് വിവിഐപികൾക്കൊപ്പം ‘ഗോവ’യും പ്രിയ യജമാനന് അന്ത്യയാത്ര നൽകാനെത്തിയത്.
ഒരിക്കൽ ഗോവ സന്ദർശനത്തിനിടെ തന്നെ പിന്തുടർന്ന തെരുവുനായയെ ദത്തെടുത്ത് മുംബൈയിലെ വസതിയിൽ കൊണ്ടുവന്ന് ‘ഗോവ’ എന്നു പേരിട്ട് രത്തൻ ടാറ്റ വളർത്തുകയായിരുന്നു.
ടാറ്റ കന്പനിയുടെ കോർപറേറ്റ് ആസ്ഥാനമായ ബോംബെ ഹൗസിലെ ഓഫീസിലേക്കുള്ള യാത്രയിൽ കഴിഞ്ഞ 11 വർഷമായി രത്തൻ ടാറ്റയുടെ സഹയാത്രികനായിരുന്നു ഈ വളർത്തുനായ. ഒരിക്കൽ രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ വളർത്തുനായയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
രത്തൻ ടാറ്റയും വളർത്തുനായയും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു. 2018 ഫെബ്രുവരി ആറിന് ബ്രിട്ടനിലെ ചാൾസ് രാജാവ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങാൻ രത്തൻ ടാറ്റയെ ക്ഷണിച്ചെങ്കിലും വളർത്തുനായ ‘ഗോവ’യ്ക്ക് ഗുരുതര രോഗം ബാധിച്ചതിനാൽ അവസാനനിമിഷം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു.
രത്തൻ ടാറ്റയുടെ മൃഗങ്ങളോടുള്ള സ്നേഹം പ്രസിദ്ധമാണ്. മഴക്കാലത്ത് കാറുകൾക്കു കീഴിൽ അഭയം തേടുന്ന തെരുവുനായ്ക്കളുടെയും ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെയും ക്ഷേമത്തിലും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അദ്ദേഹം തത്പരനായിരുന്നു.
സൗത്ത് സെൻട്രൽ മുംബൈയിലെ മഹാലക്ഷ്മി ഏരിയയിൽ വളർത്തുമൃഗങ്ങൾക്കായി ചെറിയ ആശുപത്രിയും രത്തൻ ടാറ്റ മുൻകൈയെടുത്ത് സ്ഥാപിച്ചിട്ടുണ്ട്.