ഐഒഎ: പി.ടി. ഉഷയെ പുറത്താക്കാൻ നീക്കം
Friday, October 11, 2024 1:33 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.ടി. ഉഷയെ പുറത്താക്കാൻ നീക്കം. ഈ മാസം 25നു ചേരുന്ന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ ഉഷയ്ക്കെതിരേ പ്രമേയം കൊണ്ടുവന്ന് പുറത്താക്കാനുള്ള നീക്കമാണു വിമതപക്ഷം നടത്തുന്നത്. ജോയിന്റ് സെക്രട്ടറിയും ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കല്യാണ്‍ ചൗബെയാണ് 25നു നടക്കുന്ന യോഗത്തിൽ അജണ്ട ഒപ്പിട്ട് പുറത്തിറക്കിയത്.
26 അജണ്ടകളിൽ അവസാനമായാണ് ഉഷയ്ക്കെതിരേയുള്ള അവിശ്വാസപ്രമേയം ഉൾപ്പെടുത്തിയിരിക്കുന്നത്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്കെതിരാണ്. എന്നാൽ ചൗബെ പുറത്തിറക്കിയ അജണ്ട അംഗീകാരമില്ലാത്തതാണെന്നും തനിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന വാർത്ത വ്യാജമാണെന്നും പി.ടി. ഉഷയുടെ ഓഫീസ് അറിയിച്ചു.
25നു നടക്കുന്ന യോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നിന് പ്രസിഡന്റ് ഒപ്പിട്ട് അംഗങ്ങൾക്കു നൽകിയത് 16 പോയിന്റ് അടങ്ങിയ അജണ്ടയാണെന്ന് ഉഷയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഐഒഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘുറാം അയ്യരാണെന്നും ഇത് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയും കേന്ദ്രസർക്കാരും അംഗീകരിച്ചതാണെന്നും വാർത്താക്കുറിപ്പിലുണ്ട്. ജനുവരിയിൽ രഘുറാം അയ്യർ ചുമതലയെടുക്കുന്നതിനു മുന്‍പായിരുന്നു ചൗബെയ്ക്ക് ആക്ടിംഗ് സിഇഒയുടെ ചുമതലയുണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കം ഐഒഎയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി.
റിലയൻസുമായി ഐഒഎ ഒപ്പുവച്ച സ്പോണ്‍സർഷിപ്പ് കരാറിൽ ക്രമക്കേടുണ്ടെന്ന് ട്രഷറർ സഹ്ദേവ് യാദവ് നേരത്തേ ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞദിവസം ആരോപണങ്ങൾക്ക് മറുപടിയുമായി പി.ടി. ഉഷതന്നെ രംഗത്തെത്തി. തന്നെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷ പറഞ്ഞിരുന്നു.
അതേസമയം പ്രസിഡന്റായതു മുതൽ ഉഷ നടപ്പാക്കിയ സ്പോണ്‍സർഷിപ്പ് കരാറുകൾ, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ നൽകിയത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ പരിശോധിക്കുമെന്നും വിമതപക്ഷം പുറത്തിറക്കിയ കത്തിൽ പറയുന്നു.
മൂന്ന് കോടി രൂപ വാർഷിക ശന്പളത്തിൽ ഒളിന്പിക് അസോസിയേഷൻ സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ട രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കില്ലെന്ന് വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 26ന് ചേർന്ന ഭരണസമിതി യോഗത്തിൽ നിയമനവുമായി ബന്ധപ്പെട്ട വിഷയം ഉഷ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, സിഇഒ നിയമനത്തിന് വീണ്ടും അപേക്ഷ ക്ഷണിക്കണമെന്നും പുതിയ നിയമനം നടത്തണമെന്നും വിമതർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഉഷ തയാറായില്ല. യോഗം അലസിപ്പിരിഞ്ഞതോടെ വിമതർ ആക്ടിംഗ് സിഇഒയായി ചൗബയെ നിയമിക്കുകയായിരുന്നു.