വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ച സംഭവം: ആർഎസ്എസ് നേതാവ് പോലീസിൽ ഹാജരായി
Friday, October 11, 2024 1:33 AM IST
പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ച ആർഎസ്എസ് നേതാവ് സുഭാഷ് വെലിങ്കർ ഇന്നലെ പോലീസിനു മുന്‍പാകെ ഹാജരായി. ബിക്കോളിം പോലീസ് സ്റ്റേഷനിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വെലിങ്കർ ഹാജരായത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് വെലിങ്കർ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന് ഉറപ്പുനല്‍കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിനാണ് വെലിങ്കറിനെതിരേ കേസെടുത്തത്. വെലിങ്കറുടെ പരാമർശത്തിനെതിരേ ഗോവയിൽ വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.