ഡൽഹി മുഖ്യമന്ത്രിയുടെ വീട് ഒഴിപ്പിക്കൽ: രാഷ്ട്രീയപ്പോര് മുറുകുന്നു
Friday, October 11, 2024 1:33 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചത് രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നു. ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിന്നാലെ കെട്ടിവച്ച പെട്ടികൾക്കടുത്തിരുന്നു ഫയലുകളിൽ ഒപ്പുവയ്ക്കുന്ന അതിഷിയുടെ ചിത്രം ആം ആദ്മി പാർട്ടി പങ്കുവച്ചു.
മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് പുറത്താക്കിയാലും ഡൽഹിയിലെ ജനങ്ങളോടുള്ള അതിഷിയുടെ ആത്മാർഥതയ്ക്കു കുറവില്ലെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ഡൽഹിയിൽ 27 വർഷമായി അധികാരത്തിനു പുറത്തുള്ള പാർട്ടി മുഖ്യമന്ത്രിയുടെ വസതി കൈയേറാൻ ശ്രമിക്കുകയാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.
മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട് കൈമാറുന്നതിന്റെ നടപടിക്രമങ്ങൾ ഔദ്യോഗികമായി പാലിച്ചില്ലെന്ന് ആരോപിച്ചാണു കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് വസതി സീൽ ചെയ്തത്. എന്നാൽ അതിഷിക്കു വസതി നൽകാതെ ബിജെപിയിലെ ഒരു ഉന്നത നേതാവിന് നൽകാൻ കേന്ദ്രസർക്കാരും ലഫ്.ഗവർണറും ചേർന്നുള്ള നീക്കമാണിതെന്ന് എഎപി ആരോപിച്ചു.
വസതി നിയമവിരുദ്ധമായി കൈയേറാൻ ആം ആദ്മി പാർട്ടി ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രിക്ക് ഔദ്യോഗികവസതിയില്ലെന്നും പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള വസതി അർഹതയുള്ള ആർക്കുവേണമെങ്കിലും അനുവദിക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.