ഹരിയാനയിലെ ഫലം അപ്രതീക്ഷിതം: രാഹുൽ ഗാന്ധി
Thursday, October 10, 2024 2:38 AM IST
ന്യൂഡൽഹി: ഹരിയാനയിൽ സംഭവിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരിശോധിച്ചുവരികയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പിന്തുണച്ച ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.
അവകാശങ്ങൾക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഹരിയാനയിൽ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ജമ്മു കാഷ്മീരിലെ ‘ഇന്ത്യ’ സഖ്യത്തിന്റെ വിജയം ഭരണഘടനയുടെ വിജയമാണ്. ആത്മാഭിമാനത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണിതെന്നും ജമ്മു കാഷ്മീരിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും രാഹുൽ വ്യക്തമാക്കി.