ഹരിയാനയിലെ വിമതരെല്ലാം ബിജെപിയിൽ
Thursday, October 10, 2024 2:38 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ വിജയിച്ച മൂന്നു സ്വതന്ത്രരും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. സാവിത്രി ജിൻഡാൽ, ദേവേന്ദർ കദിയാൻ, രാജേഷ് ജൂൺ എന്നിവരാണ് പിന്തുണ അറിയിച്ചത്. ഇതോടെ ബിജെപിക്ക് 90 അംഗ നിയമസഭയിൽ 51 പേരുടെ പിന്തുണയായി.
ബിജെപി ടിക്കറ്റ് നിഷേധിച്ചതുകൊണ്ട് സാവിത്രിയും ദേവേന്ദറും സ്വതന്ത്രരായി മത്സരിക്കുകയായിരുന്നു. രാജേഷ് ജൂൺ കോൺഗ്രസ് വിമതനാണ്.
ഇന്നലെ മൂവരും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച് ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി എംപി നവീൻ ജിൻഡാലിന്റെ അമ്മയാണു സാവിത്രി ജിൻഡാൽ.
ഇന്ത്യയിലെ ഏറ്റവും സന്പന്നയായ വനിത എന്ന പദവിയുള്ള സാവിത്രി ജിൻഡാൽ(74) ഹിസാറിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്ന മന്ത്രി കമൽ ഗുപ്ത മൂന്നാം സ്ഥാനത്തായി.