വീണ്ടും പിഴച്ച് എക്സിറ്റ് പോളുകൾ
Wednesday, October 9, 2024 2:06 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വീണ്ടും അടിതെറ്റി എക്സിറ്റ് പോളുകൾ. പത്തു വർഷമായി ബിജെപിഭരണത്തിലുള്ള ഹരിയാനയിൽ ഭരണവിരുദ്ധവികാരം മുതലെടുത്ത് കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
എന്നാൽ, വോട്ടെണ്ണിയപ്പോൾ കാര്യങ്ങൾ നേരേ തിരിച്ചായിരുന്നു. പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഹാട്രിക് വിജയം നേടുകയും ചെയ്തു.
ജമ്മു കാഷ്മീരിലെ ജനവിധിയെക്കുറിച്ച് ദേശീയ മാധ്യമങ്ങളുടെ പ്രവചനങ്ങൾ ഭാഗികമായി മാത്രമാണു ശരിയായത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ജമ്മു കാഷ്മീരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരുന്നത്. എന്നാൽ നാഷണൽ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷം മറികടക്കുകയും ചെയ്തു.
ഹരിയാനയിൽ കോണ്‍ഗ്രസ് 40 മുതൽ 60 സീറ്റുകൾ വരെ നേടുമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ബിജെപി 15 മുതൽ 30 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ദേശീയ മാധ്യമങ്ങൾ പ്രവചിച്ചു.
എക്സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലപ്രഖ്യാപനങ്ങൾ ആദ്യ മണിക്കൂറുകളിൽ പുറത്തുവന്നപ്പോൾ കോണ്‍ഗ്രസ് ആസ്ഥാനങ്ങളിൽ ആഘോഷപ്രകടനങ്ങളും തുടങ്ങിയതാണ്. എന്നാൽ പിന്നീട് പ്രവചനങ്ങൾ കീഴ്മേൽ മറിയുന്ന കണക്കുകളാണ് പുറത്തുവന്നത്.