ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
Wednesday, October 9, 2024 12:44 AM IST
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. സിനിമാമേഖലയിലെ രാജ്യത്തെ ഉന്നതബഹുമതിയായ ദാദാ സാഹിബ് ഫാൽകേ പുരസ്കാരം ദ്രൗപദി മുർമുവിൽനിന്ന് ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ഏറ്റുവാങ്ങി.
സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ, നടൻ ഋഷഭ് ഷെട്ടി, നിത്യ മേനോൻ, മാനസി പരേഖ് തുടങ്ങി 85 പുരസ്കാരജേതാക്കൾക്കു രാഷ്ട്രപതി അവാർഡുകൾ സമ്മാനിച്ചു.
സിനിമാമേഖലയിൽ സ്ത്രീകൾക്കു കൂടുതൽ ഇടം ലഭിക്കുന്നതിനു ശ്രമം വേണമെന്നു രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 85 പുരസ്കാരജേതാക്കളിൽ സ്ത്രീകളുടെ എണ്ണം വെറും 15 മാത്രമാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഫാൽകേ പുരസ്കാരം നേടിയ മിഥുൻ ചക്രവർത്തിയെ രാഷ്ട്രപതി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.