ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; എംഎൽഎയെ സസ്പെൻഡ് ചെയ്ത് എഐഎഡിഎംകെ
Wednesday, October 9, 2024 12:44 AM IST
ചെന്നൈ: ആർഎസ്എസ് റാലിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത മുതിർന്ന നേതാവിനെ പാർട്ടിയിൽനിന്ന് താത്കാലികമായി സസ്പൻഡ് ചെയ്തതായി എഐഎഡിഎംകെ.
പാർട്ടി നിലപാടുകൾക്കു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞാണ് കന്യാകുമാരി (ഈസ്റ്റ്) ജില്ലാ ഓർഗൈനൈസിംഗ് സെക്രട്ടറി തലവൈ എൻ. സുന്ദരത്തെ താത്കാലികമായി സസ്പൻഡ് ചെയ്തത്.
എഐഎഡിഎംകെ ഭരണത്തിൽ റവന്യു പൊതുമരാമത്ത്, ആരോഗ്യവകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനുംദിവസം മുന്പ് കന്യാകുമാരിയിൽ നടന്ന ആർഎസ്എസ് റാലി ഫ്ളാഗ്ഓഫ് ചെയ്തത് സുന്ദരമായിരുന്നു.
എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എഐഎഡിഎംകെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ചിരുന്നത്. സി.എൻ. അണ്ണാദുരൈയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമല നടത്തിയ അപകീർത്തി പരാമർശത്തിന്റെ പേരിലാണു സഖ്യം ഉലഞ്ഞത്.