ജമ്മു കാഷ്മീർ, ഹരിയാന വോട്ടെണ്ണൽ ഇന്ന്
Tuesday, October 8, 2024 3:02 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭൂപീന്ദർ സിംഗ് ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ശ്രമങ്ങൾ നടത്തും.
എന്നാൽ ജെജെപി അടക്കമുള്ള ചെറുകക്ഷികൾ, സ്വതന്ത്രർ, വിമതർ എന്നിവരെ ഒപ്പംകൂട്ടി ഭരണത്തുടർച്ചയ്ക്കു ബിജെപിയും ശ്രമം നടത്തും.ജമ്മു കാഷ്മീരിൽ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസും സഖ്യകക്ഷിയായ കോണ്‍ഗ്രസും നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.