ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം: സുപ്രീംകോടതിയിൽ ഹർജി
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: സമയബന്ധിതമായി ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
കേന്ദ്ര ഭരണപ്രദേശമായതിനാൽ നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പ് അർഥശൂന്യമാകുമെന്നു ചൂണ്ടിക്കാട്ടി കോളജ് അധ്യാപകൻ സഹൂർ അഹമ്മദ് ഭട്ടും ആക്ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് കോടതിയെ സമീപിച്ചത്.
ജമ്മു-കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കഴിയാത്തത് താഴ്വരയിലെ പൗരന്മാരുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജമ്മു-കാഷ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെയാണു ഹർജി.
നേരത്തേ ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതു ശരിവച്ച സുപ്രീംകോടതി തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജി കഴിഞ്ഞ മേയിൽ തള്ളിയിരുന്നു.