കോൽക്കത്ത കൊലപാതകം ; സഞ്ജയ് റോയി ബലാത്സംഗം ചെയ്തു കൊന്നതായി കുറ്റപത്രം
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
കോൽക്കത്ത പോലീസ് സിവിക് വൊളണ്ടിയറായ സഞ്ജയ് റോയി പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കൂട്ടമാനഭംഗം എന്ന പരാമർശം കുറ്റപത്രത്തിൽ ഇല്ല.
സഞ്ജയ് റോയി മാത്രമാണു പ്രതിയെന്ന നിഗമനത്തിലാണ് സിബിഐ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ പിറ്റേന്ന് കോൽക്കത്ത പോലീസാണു പ്രതിയെ അറസ്റ്റ്ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ നാർകോ പരിശോധനയ്ക്കു ഹാജരാകാൻ സഞ്ജയ് റോയി വിസമ്മതിച്ചിരുന്നു.
സഞ്ജയ് റോയിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന പോലീസ് ഓഫീസർ അഭിജിത് മൊണ്ടൽ, സംഭവസമയത്ത് ആർജി കർ മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽപദവി വഹിച്ചിരുന്ന സന്ദീപ് ഘോഷ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ്ചെയ്തിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിന് പുലർച്ചെ ഒന്പതരയ്ക്കാണു ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.