മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയിൽ
സ്വന്തം ലേഖകൻ
Monday, October 7, 2024 4:45 AM IST
ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും പ്രഥമ വനിത സാജിദ മുഹമ്മദും ഇന്നലെ ഡൽഹിയിലെത്തി. വരും ദിവസങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉന്നതതല ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമത് സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസ് പങ്കെടുത്തിരുന്നു. അതിനു ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഡൽഹിക്കു പുറമെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ വിവിധ ബിസിനസ് പരിപാടികളിൽ മുയിസു പങ്കെടുക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനംകൊണ്ട് മാലദ്വീപ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം അവസാനം അധികാരമേറ്റ മുയിസുവിന് ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന സമീപനമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനു കാരണമായി. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കെതിരേ വിവാദ പരാമർശങ്ങൾ മുയിസ് മന്ത്രിസഭാംഗങ്ങൾ പറഞ്ഞതോടെ ഇന്ത്യ തിരിച്ചു പ്രതികരിച്ചു. ഇതിന്റെ ഭാഗമായി മാലദ്വീപിന് നൽകിവന്ന സഹായം നിർത്തുകയും ടൂറിസം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ വിഷയം കൈവിട്ടു പോകുമെന്നു കണ്ടതോടെ മാലദ്വീപ് ഇന്ത്യയോട് മാപ്പു പറഞ്ഞു. തുടർന്ന് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായി.