ഹരിയാനയിൽ 67.90 ശതമാനം പോളിംഗ്
Monday, October 7, 2024 4:45 AM IST
ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 67.90 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്കുകൾ. സിർസ ജില്ലയിലെ എല്ലാനാബാദ് മണ്ഡലത്തിൽ രേഖപ്പെടുത്തിയ 80 ആണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. 90 അംഗ നിയമസഭയിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പു നടന്നത്. 2019 തെരഞ്ഞെടുപ്പിൽ 68.31 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 64.8 ശതമാനവും.
ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളുമായിരുന്നു പ്രധാന കക്ഷികൾ. ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുകയായിരുന്നു. 101 സ്ത്രീകൾ ഉൾപ്പെടെ 1031 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇതിൽ 464 പേർ സ്വതന്ത്രരാണ്. വോട്ടെണ്ണൽ നാളെയാണ്.