ഇലക്ടറൽ ബോണ്ട്: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി
Sunday, October 6, 2024 2:26 AM IST
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ സുപ്രീംകോടതി തള്ളി.
പുനഃപരിശോധനാ ഹർജി തുറന്നകോടതിയിൽ പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരാകരിച്ചു.
വിധിയിൽ പിഴവുകളൊന്നുമില്ലെന്നും ജസ്റ്റീസ് സഞ്ജയ് ഖന്നയും ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് ജെ.ബി. പർദിവാലയും ജസ്റ്റീസ് മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
അഡ്വ. മാത്യൂസ് ജെ. നെടുന്പാറ ഉൾപ്പെടെ ഏതാനും പേരാണ് ഹർജികൾ സമർപ്പിച്ചത്. രാഷ്ട്രീയപാർട്ടികൾക്കു പ്രവർത്തനഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കഴിഞ്ഞ ഫെബ്രുവരി 15നാണു സുപ്രീംകോടതി വധിച്ചത്.
ഏകപക്ഷീയവും ഔദാര്യസ്വഭാവമുള്ളതുമായ ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുന്നതായും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
തെരഞ്ഞെടുപ്പിനുൾപ്പെടെ രാഷ്ട്രീയ പാർട്ടികളിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്കു തടയുക എന്ന വാദത്തോടെ 2018ലാണു മോദി സർക്കാർ ഇലക്ടറൽ ബോണ്ട് നടപ്പാക്കിയത്.