സെബി മേധാവി പിഎസി മുന്പാകെ 24ന് ഹാജരാകണം
Sunday, October 6, 2024 2:13 AM IST
ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചിനോട് പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുന്പാകെ ഈ മാസം 24ന് ഹാജരാകണമെന്നു നിർദേശം.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) മേധാവിയോടും ധനകാര്യമന്ത്രാലയത്തിലെ മേലധികാരികളോടും അന്നേദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
രാജ്യത്തെ ഉന്നത റെഗുലേറ്ററി അഥോറിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് പിഎസി മുന്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് മാധബി ബുച്ചിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ പിഎസി പരിശോധിക്കും. സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചുള്ള രേഖകൾ സഹിതം ഹാജരാകാനാണ് പിഎസി നിർദേശം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അധ്യക്ഷനായ പിഎസിയിൽ എൻഡിഎ, പ്രതിപക്ഷ സഖ്യങ്ങളിൽനിന്ന് 22 എംപിമാരാണുള്ളത്.