കേസിന്റെ പേരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്: ഡൽഹി ഹൈക്കോടതി
Sunday, October 6, 2024 2:13 AM IST
ന്യൂഡൽഹി: ക്രിമിനൽ കേസുണ്ടെന്ന കാരണംകൊണ്ടു മാത്രം വിദേശത്തുള്ള തൊഴിലവസരങ്ങൾ നിഷേധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.
കാനഡയിൽ ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ ഹർജി പരിഗണിച്ചാണു കോടതിയുടെ നിരീക്ഷണം. ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്(പിസിസി) നിഷേധിച്ചിരുന്നു. എന്നാൽ എഫ്ഐആർ നിലനിൽക്കുന്നതുകൊണ്ടു മാത്രം ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശങ്ങൾക്കും മേൽ അന്യായമായി നിയന്ത്രണമേർപ്പെടുത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ ജീവനക്കാരുടെ വേതനങ്ങളിൽ തിരിമറി നടത്തിയെന്നാരോപിച്ചു 2013ലാണ് ഡൽഹി പോലീസ് ഹർജിക്കാരനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശിക്ഷ വിധിച്ചിട്ടില്ലെന്നും കുറ്റം തെളിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, എഫ്ഐആർ നിലനിൽക്കുന്നതുകൊണ്ട് മാത്രം പിസിസി നിഷേധിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി.
പിസിസിയുടെ ധർമം ഒരു വ്യക്തിയുടെ സുതാര്യത ഉറപ്പാക്കുകയെന്നതാണെന്നും പുരോഗതിയിലിരിക്കുന്ന കേസുകളുടെ പേരിൽ നിയന്ത്രണമേർപ്പെടുത്തുന്നതല്ലെന്നും കോടതി പറഞ്ഞു.
അപേക്ഷകന് മറ്റെന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ചയ്ക്കകം ഹർജിക്കാരന് പിസിസി നൽകാൻ പാസ്പോർട്ട് അധികാരികളോട് നിർദേശിച്ചു.