തെരഞ്ഞെടുപ്പിൽ ഇടപെടാൻ
ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന് കോടതി
സ്വന്തം ലേഖകൻ
Saturday, October 5, 2024 5:27 AM IST
ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ ഇടപെടലിനെയാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ ഗവർണർക്ക് എവിടെനിന്നാണ് അധികാരം ലഭിച്ചതെന്ന് കോടതി ചോദിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമം സെക്ഷൻ 487 ഒരു എക്സിക്യൂട്ടീവ് അധികാരമാണെന്നും തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഗവർണർ ഇത്തരത്തിൽ ഇടപെടൽ നടത്തിയാൽ ജനാധിപത്യം അപകടത്തിലാകുമെന്നും കോടതി നിരീക്ഷിച്ചു. സമിതി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകി.
ഹർജിയിൽ ലഫ്.ഗവർണർക്കു നോട്ടീസ് അയച്ച കോടതി കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എംസിഡി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറാമത്തെ അംഗത്തെ തെരഞ്ഞെടുത്തതിൽ ലഫ്. ഗവർണറുടെ ഇടപെടൽ ചോദ്യം ചെയ്ത് മേയർ ഷെല്ലി ഒബ്റോയി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ 18 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഒഴിവു വന്ന സീറ്റിലേക്ക് സെപ്റ്റംബർ 27ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് ലഫ്.ഗവർണറുടെ ഇടപെടൽ ഉണ്ടായത്. അന്നു ചേർന്ന എംസിഡി യോഗം ബഹളം കാരണം നടക്കാതെ വന്നപ്പോൾ തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് മേയർ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ട ലഫ്.ഗവർണർ തെരഞ്ഞെടുപ്പ് 27ന് തന്നെ നടത്താൻ എംസിഡി കമ്മീഷണർക്കു നിർദേശം നൽകി.
എന്നാൽ, ഇതു ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയ മേയർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽനിന്ന് ആം ആദ്മി, കോണ്ഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി വിജയിച്ചിരുന്നു.