കുക്കികൾ ബന്ദികളാക്കിയ മെയ്തെയ് യുവാക്കൾ മോചിതരായി
പ്രത്യേക ലേഖകൻ
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: മണിപ്പുരിൽ തട്ടിക്കൊണ്ടുപോയ രണ്ടു മെയ്തെയ് യുവാക്കളെ സുരക്ഷിതരായി കുക്കികൾ ഇന്നലെ വിട്ടയച്ചു. ജാമ്യം ലഭിച്ചിട്ടും തടവിലാക്കിയിരുന്ന 11 കുക്കി വംശജരെ ഇംഫാലിലെ ജയിലിൽനിന്നു കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ ജയിലിലേക്കു മാറ്റണമെന്ന കുക്കികളുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് ബന്ദികളുടെ മോചനം നടന്നത്.
കുക്കി സംഘടനാ നേതാക്കളുമായി പോലീസും സർക്കാർ ഉദ്യോഗസ്ഥരും നടത്തിയ അഞ്ചു ദിവസം നീണ്ട ചർച്ചകളെത്തുടർന്നാണ് തട്ടിക്കൊണ്ടുപോയ രണ്ടു മെയ്തെയ് യുവാക്കളുടെ മോചനം സാധ്യമായത്. തോക്ചോം തൊയ്തോയ്ബ, ഒയിനം തൊയ്തോയ് എന്നീ മെയ്തെയ് യുവാക്കളെയാണ് ഇന്നലെ പുലർച്ചെ 5.15ഓടെ ഗാംഗിഫായിൽ ആസാം റൈഫിൾസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാങ്പോക്പി പോലീസ് സൂപ്രണ്ടിനു കൈമാറിയത്. ഇരുവർക്കും പരിക്കുകളില്ല. പോലീസിന്റെയും ആസാം റൈഫിൾസിന്റെയും അകന്പടിയോടെ ഇരുവരെയും സുരക്ഷിതമായി ഇംഫാലിൽ എത്തിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 27നാണ് മൂന്നു മെയ്തെയ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കുക്കി മേഖലയായ കാങ്പോക്പിയിൽനിന്നാണു മൂവരെയും ബന്ദികളാക്കിയത്.ഇവരിലൊരാളെ കഴിഞ്ഞ വെള്ളിയാഴ്ച കുക്കികൾ മോചിപ്പിച്ചിരുന്നു. കുക്കികളുടെ ആവശ്യപ്രകാരം വിചാരണത്തടവുകാരായ 11 കുക്കികളെ തലസ്ഥാനമായ ഇംഫാലിന്റെ പ്രാന്തപ്രദേശത്തുള്ള സജീവ ജയിലിൽനിന്നു ചുരാചന്ദ്പുർ ജയിലിലേക്കു മാറ്റി.
ബന്ദികളാക്കിയ രണ്ടു യുവാക്കളെ പോലീസിനു കൈമാറുന്നതിനു മുന്പായി 11 പേരെയും ഇന്നലെ പുലർച്ചെ രണ്ടിന് കുക്കി നിയന്ത്രണത്തിലുള്ള സപർമേന പോലീസ് സ്റ്റേഷനിലേക്കു കൈമാറിയെന്ന് പോലീസ് അറിയിച്ചു.