മണിപ്പുരിൽ നാഗാ വിഭാഗങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കൊല്ലപ്പെട്ടു
പ്രത്യേക ലേഖകൻ
Friday, October 4, 2024 4:11 AM IST
ഇംഫാൽ: മണിപ്പുരിലെ ഉക്രുൾ നഗരത്തിൽ രണ്ടു നാഗാ വിഭാഗങ്ങൾ തമ്മിൽ ബുധനാഴ്ചയുണ്ടായ ഏറ്റമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെ, ജനക്കൂട്ടം ടൗണിലെ വിനോ ബസാറിലുള്ള പോലീസ് സ്റ്റേഷനിലെ ആയുധശേഖരം കൊള്ളയടിച്ചു. എകെ 47, ഇൻസാസ് റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളാണു പോലീസ് സ്റ്റേഷൻ കൈയേറി കൊള്ളയടിച്ചത്.
അന്വേഷണം തുടരുന്നതിനാൽ കൊള്ളയടിച്ച ആയുധങ്ങളുടെ എണ്ണവും തരവും ഉടൻ സ്ഥിരീകരിക്കാനാകില്ലെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വച്ഛത അഭിയാന്റെ ഭാഗമായി നഗരത്തിലെ തർക്കഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ടു ഗ്രാമവാസികൾ തമ്മിലുണ്ടായ അക്രമത്തിനിടെയാണു പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നാഗകളുടെ ഹൻഫുൻ, ഹൻപംഗ് എന്നീ ഗ്രാമങ്ങൾ തമ്മിൽ ഈ ഭൂമിയുടെ പേരിൽ വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. ഗാന്ധിജയന്തി പ്രമാണിച്ചു വിദ്യാർഥികൾ തർക്കപ്രദേശത്ത് മാലിന്യനിർമാജനം നടത്തിയതിനെ ഹൻഫുൻ ഗ്രാമവാസികൾ എതിർത്തതോടെയാണു സംഘർഷം ഉണ്ടായത്. ഇരുഗ്രാമവാസികളും തോക്കുകൾ ഉപയോഗിച്ചു വെടിവച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഘർഷത്തെത്തുടർന്ന് ഒരുവിഭാഗം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കൊള്ളയടിച്ച സർക്കാർ ആയുധങ്ങളുമായി നൂറുകണക്കിന് യുവാക്കളടങ്ങിയ സംഘം പോലീസ് സ്റ്റേഷൻ പരിസരത്തു തന്പടിച്ചത് പ്രശ്നം രൂക്ഷമാക്കി. സംഘർഷത്തെത്തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.
മണിപ്പുരിലെ നാഗാ ഭൂരിപക്ഷ പ്രദേശത്ത് ഇതാദ്യമായാണു പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുന്നത്. 2023 മേയ് മൂന്നിന് മെയ്തെയ്കളും കുക്കികളും തമ്മിൽ സംഘർഷം തുടങ്ങിയതു മുതൽ സൈന്യത്തിന്റെയും പോലീസിന്റെയും നിരവധി ആയുധപ്പുരകൾ കൊള്ളയടിച്ചിരുന്നു. ഇരുവിഭാഗങ്ങളും പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും കൊള്ളയടിച്ചെങ്കിലും ഭൂരിപക്ഷം ആയുധങ്ങളും ഇനിയും വീണ്ടെടുത്തിട്ടില്ല.