മതേതര പദവി ആവർത്തിച്ച് സുപ്രീംകോടതി
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മതേതരത്വ പദവി ആവർത്തിച്ച് സുപ്രീംകോടതി. കുറ്റാരോപിതരായവരുടെ വീടുകൾ പൊളിച്ചുമാറ്റുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ "ബുൾഡോസർ നടപടി'യുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
കോടതിയുടെ ഉത്തരവ് എല്ലാവർക്കും ഒരുപോലെയാണെന്നും നമ്മുടേത് മതേതരത്വ രാജ്യമാണെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതുസുരക്ഷയ്ക്കാണു മുൻഗണനയെന്നും അതു മുൻനിർത്തി അനധികൃത നിർമാണം നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തൊട്ടാകെ അനധികൃത നിർമിതി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം നൽകുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഒരാൾ കുറ്റവാളിയായതുകൊണ്ടു മാത്രം അയാളുടെ വീട് ഇടിച്ചുനിരത്തുന്ന ചില സംസ്ഥാനങ്ങളുടെ നടപടി ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃത നിർമാണങ്ങളും പൊതു കൈയേറ്റങ്ങളും സംരക്ഷിക്കപ്പെടില്ലെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി.
പ്രാദേശിക അധികാരികൾ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റുന്പോൾ ജുഡീഷൽ മേൽനോട്ടം വേണമെന്ന് വാദത്തിനിടെ കോടതി ഊന്നിപ്പറഞ്ഞു. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റർ ചെയ്ത തപാൽ മുഖേന യഥാർഥ ഉടമയ്ക്ക് അയക്കണമെന്നു ബെഞ്ച് വ്യക്തമാക്കി.
കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നോട്ടീസുകളും ഓർഡറുകളും ഡിജിറ്റലായി ഓണ്‍ലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാമെന്നും കോടതി നിർദേശിച്ചു.
അനധികൃത കൈയേറ്റത്തിനെതിരേ നോട്ടീസ് നൽകിയശേഷം പൊളിക്കൽ നടപടിക്കുമുന്പ് ദുരിതബാധിതർക്ക് ബദൽ സംവിധാനം ക്രമപ്പെടുത്താൻ ആവശ്യമായ സമയം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.