വ്യവസായിയെ കബളിപ്പിച്ച് ഏഴു കോടി തട്ടിയ സംഭവം: രണ്ടു പേർ പിടിയിൽ
Wednesday, October 2, 2024 4:10 AM IST
ചണ്ഡീഗഡ്: വ്യാജ അറസ്റ്റും വ്യാജ സുപ്രീംകോടതി വിചാരണയും ഉൾപ്പെടെ നടത്തി പ്രമുഖ ടെക്സ്റ്റൈൽ വ്യവസായിയിൽനിന്ന് ഏഴുകോടി രൂപ തട്ടിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പത്മഭൂഷണ്‍ പുരസ്കാര ജേതാവും വർധമാൻ ഗ്രൂപ്പ് സിഎംഡിയുമായ എസ്.പി.ഓസ്വാൾ (82) ആണു തട്ടിപ്പിനിരയായത്.
ഓഗസ്റ്റ് 31നാണ് സംഭവത്തിൽ ലുധിയാന പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്തർസംസ്ഥാന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തിയ പോലീസ് ഗോഹട്ടിയിൽനിന്നാണു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അതനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 5.25 കോടി രൂപ കണ്ടെടുത്തു.
ഇരുവരും ചെറുകിട വ്യവസായികളാണെന്നും എളുപ്പം പണം നേടുന്നതിനായി കണ്ടെത്തിയ വിദ്യയാണിതെന്നും പോലീസ് അറിയിച്ചു. ഏഴുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആസാം, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിലായാണു തട്ടിപ്പുസംഘം പ്രവർത്തിച്ചുവന്നിരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരോപിച്ചാണ് തട്ടിപ്പുകാർ ഓസ്വാളിനെ വലയിലാക്കിയത്. തുടർന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാജ അറസ്റ്റ് വാറന്റ് കാണിച്ച് അദ്ദേഹത്തെ വിശ്വസിപ്പിച്ചു. വ്യാജ സുപ്രീംകോടതി ഉത്തരവും തട്ടിപ്പുകാർ അദ്ദേഹത്തെ കാണിച്ചു. സീക്രട്ട് സൂപ്പർ വിഷൻ ഫണ്ടിലേക്ക് എന്നപേരിൽ ഏഴുകോടി രൂപ ഓസ്വാളിൽനിന്ന് തട്ടിയെടുക്കുന്നതുവരെ കാര്യങ്ങളെത്തി. ഓഗസ്റ്റ് അവസാന ആഴ്ചയിലായിരുന്നു സംഭവം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിലായ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു തട്ടിപ്പുകാർ ഓസ്വാളിനെ ബന്ധപ്പെട്ടത്. സ്കൈപ്പ് കോൾ വഴി വ്യാജ സുപ്രീംകോടതി വിചാരണയും തട്ടിപ്പുകാർ നടത്തി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡായി ആൾമാറാട്ടം നടത്തിയയാളാണ് ഈ വ്യാജ വെർച്വൽ കോടതിയിൽ വാദം കേട്ടത്. ഇതിനുശേഷം കോടതി ഉത്തരവ് വാട്സ് ആപ് വഴി ഓസ്വാളിന് അയച്ചുകൊടുത്തു.
ഓഗസ്റ്റ് 29 മുതൽ 30 വരെ നടത്തിയ ശ്രമത്തിലൂടെയാണ് തട്ടിപ്പുകാർ ഓസ്വാളിനെ കെണിയിലാക്കിയത്. സിബിഐ ഓഫീസർമാരാണെന്നു പറഞ്ഞ് ഫോണിൽ സ്കൈപ്പ് കോൾ ചെയ്ത് രണ്ടു ദിവസത്തോളം തന്നെ തത്സമയം നിരീക്ഷിച്ചെന്നും ഉറങ്ങുന്പോൾപ്പോലും നിരീക്ഷണം തുടർന്നുവെന്നും ഓസ്വാൾ പറയുന്നു.
ഓസ്വാൾ പരാതി നൽകി 48 മണിക്കൂറിനുള്ളിൽത്തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. സമ്മർദവും ഭീഷണിയും ശക്തമായതോടെ പ്രതികൾ പറഞ്ഞ അക്കൗണ്ട് നന്പറുകളിലേക്ക് ആദ്യം നാലു കോടിയും പിന്നീട് മൂന്നു കോടിയും ട്രാൻസ്ഫർ ചെയ്തു. സംശയം തോന്നി രണ്ടു ദിവസത്തിനുശേഷമാണ് ഓസ്വാൾ ലുധിയാന ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.