ബുൾഡോസർ രാജ്: ആസാം സർക്കാരിന് നോട്ടീസ്
Tuesday, October 1, 2024 4:15 AM IST
ന്യൂഡൽഹി: അനുമതിയില്ലാതെ നിർമിതികൾ തകർക്കരുതെന്ന ഉത്തരവ് ലംഘിച്ച ആസാം സർക്കാരിനു സുപ്രീംകോടതിയുടെ നോട്ടീസ്.
സോനാപുരിലെ കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ കചുതാലി ഗ്രാമത്തിലെയും പരിസരത്തേയും 47 കുടുംബങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ബഞ്ചിന്റെ നടപടി. സംഭവത്തിൽ തൽസ്ഥിതി തുടരാൻ ബന്ധപ്പെട്ട കക്ഷികളോടു കോടതി നിർദേശിക്കുകയും ചെയ്തു.
രാജ്യത്ത് ബുൾഡോസർ രാജ് അവസാനിപ്പിച്ച കോടതി ഉത്തരവ് നിലനിൽക്കെ ആസാം സർക്കാർ വീടുകൾ പൊളിച്ചുമാറ്റിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കഴിഞ്ഞ സെപ്റ്റംബർ 17 നാണ് ബുൾഡോസർ രാജ് തടഞ്ഞുള്ള സുപ്രധാനവിധി സുപ്രീംകോടതി നടപ്പാക്കിയത്.