അതിഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ ; നാലു മന്ത്രിമാരെ നിലനിർത്തി; അഹ്ലാവത് പുതുമുഖം
Friday, September 20, 2024 2:38 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷിയുടെ സത്യപ്രതിജ്ഞ നാളെ. ദളിത് നേതാവ് മുകേഷ് അഹ്ലാവത് മന്ത്രിസഭയിൽ പുതുമുഖം.
കേജരിവാൾ മന്ത്രിസഭയിലെ അംഗങ്ങളായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ അതിഷി മന്ത്രിസഭയിലും തുടരും. നിയുക്ത മുഖ്യമന്ത്രി അതിഷിയും അഞ്ചു മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചൊവ്വാഴ്ച രാജിവച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കുന്നതിനാലാണ് നിലവിലെ നാലു മന്ത്രിമാരെയും നിലനിർത്താൻ കേജരിവാളും അതിഷിയും തീരുമാനിച്ചത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കും.
സുൽത്താൻപുർ മജ്റയിൽനിന്നുള്ള എംഎൽഎയാണ് ആദ്യമായി മന്ത്രിയാകുന്ന ദളിത് നേതാവ് മുകേഷ് അഹ്ലാവത്. സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന രാജ്കുമാർ ആനന്ദിന്റെ രാജിയെത്തുടർന്നുള്ള ഒഴിവിലേക്കാണ് അഹ്ലാവത് മന്ത്രിയാകുന്നത്. കഴിഞ്ഞ ഏപ്രിലിൽ മന്ത്രിസ്ഥാനം രാജിവച്ച് എഎപി വിട്ട രാജ്കുമാർ ബിജെപിയിൽ ചേർന്നിരുന്നു.
കേജരിവാൾ മന്ത്രിസഭയിൽ ധനം, വിദ്യാഭ്യാസം, റവന്യു അടക്കം 14 വകുപ്പുകൾ കൈകാര്യം ചെയ്ത അതിഷി, ഇതിൽ ഏതാനും വകുപ്പുകൾ സഹമന്ത്രിമാർക്കു വിട്ടുനൽകും. വകുപ്പുവിഭജനം സംബന്ധിച്ച പ്രഖ്യാപനം സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തും.
അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അതിഷി മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പ് നടത്തും.