രാഹുലിനെതിരേ പരാമർശം: കേന്ദ്രമന്ത്രി ബിട്ടുവിനെതിരേ കേസ്
Friday, September 20, 2024 1:07 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദപരാമർശത്തിനെതിരേ കർണാടകത്തിലെ കോൺഗ്രസ് നേതൃത്വം നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരേ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക ്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ ബംഗളുരു പോലീസ് കേസെടുത്തത്.
പഞ്ചാബിൽ നിന്നു ബിജെപി ടിക്കറ്റിലാണു ബിട്ടു ലോക്സഭയിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസ് വിട്ട് ബിട്ടു ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഇതോടെ ഇത്തവണത്തെ മോദി മന്ത്രിസഭയിൽ റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പുകളിലെ സഹമന്ത്രിസ്ഥാനം കിട്ടി. കേസെടുത്തുവെങ്കിലും പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നു കേന്ദ്രമന്ത്രി പറഞ്ഞു. രാഹുലിനും അദ്ദേഹത്തിന്റെ പാർട്ടിക്കും നൂറ് കേസുകൾ ഫയൽചെയ്യാം. എന്നാൽ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.
വെടിയുണ്ടകളെ പേടിയില്ലാത്ത ഒരു കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്- ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊച്ചുമകനായ ബിട്ടു പറഞ്ഞു. ഇന്ത്യയിലെ സിഖ് വംശജരെക്കുറിച്ച് യുഎസിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരേയുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണമാണു വിവാദമായത്.
രാഹുൽ രാജ്യത്തെ ഒന്നാംനന്പർ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. യുഎസിലെ വാഷിംഗ്ടണിലുള്ള ജോർജ്ടൗണ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു സിക്ക് വംശജരെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ സംജാതമാകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഹുൽ പറഞ്ഞിരുന്നു.