ശശി തരൂർ ലോക്സഭയിലെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനാകും
Friday, September 20, 2024 1:07 AM IST
ന്യൂഡൽഹി: ശശി തരൂർ എംപി ലോക്സഭയിലെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനാകും. ഇതുസംബന്ധിച്ച ശിപാർശ കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കർക്കു സമർപ്പിച്ചു.
ഒന്നാം മോദിസർക്കാരിന്റെ കാലത്തും തരൂർ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്നു. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കോണ്‍ഗ്രസിന് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷപദവി ലഭിക്കുന്നത്.
കഴിഞ്ഞ ലോക്സഭയിൽ രണ്ടു കമ്മിറ്റികളുടെ മാത്രം അധ്യക്ഷസ്ഥാനം ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സീറ്റ് വർധിച്ചതിനെത്തുടർന്ന് മൂന്ന് കമ്മിറ്റികളുടെ നേതൃത്വപദവി ലഭിക്കുകയായിരുന്നു.
തരൂരിനു പുറമേ ലോക്സഭാംഗങ്ങളായ ചരണ്‍ജിത് സിംഗ് ഛന്നി കൃഷിമന്ത്രാലയത്തിന്റെയും സപ്തഗിരി ഉലാക്ക ഗ്രാമവികസനത്തിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരാകും. രാജ്യസഭയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വവും ലഭിച്ച കോണ്‍ഗ്രസ് മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനാക്കും.
ദളിത് വിഭാഗത്തിൽപ്പെട്ട ഛന്നിയെയും ആദിവാസി വിഭാഗത്തിൽനിന്നുള്ള ഉലാക്കയെയും പാർലമെന്ററി സമിതി അധ്യക്ഷരാക്കിയതിലൂടെ സാമൂഹികനീതി ഉയർത്തിക്കാട്ടാനാണു കോണ്‍ഗ്രസിന്റെ നീക്കം.