ഒറ്റത്തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രാനുമതി
Thursday, September 19, 2024 2:19 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനുള്ളിൽ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും നടത്താനുള്ള"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
കോണ്ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവയ്ക്കാതെ, ബിജെപിയുടെ വാഗ്ദാനമായ രാജ്യത്താകെ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകൾക്കുള്ള ബിൽ പാർലമെന്റിന്റെ അടുത്ത ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. 2029ലെ പൊതുതെരഞ്ഞെടുപ്പു മുതലാണ് ഇന്ത്യയിലാകെ ഒരുമിച്ചു തെരഞ്ഞെടുപ്പുകൾ നടത്താൻ കേന്ദ്രം തയാറെടുക്കുന്നത്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.
ഭരണഘടനാ ഭേദഗതികൾ അടക്കം ആവശ്യമായ ബില്ലുകൾ പാസാകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. പഞ്ചായത്തുകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിന് പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു പുറമെ, രാജ്യത്തെ പകുതിയെങ്കിലും സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ആവശ്യമാണ്.
കേന്ദ്രസർക്കാരിനു സഖ്യകക്ഷികളുടെ പിന്തുണ ലഭിച്ചാലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ലോക്സഭയിൽ 72 വോട്ടിന്റെയും രാജ്യസഭയിൽ 52 വോട്ടിന്റെയും കുറവുണ്ട്. എങ്കിലും ആവശ്യമായ ഭൂരിപക്ഷം കിട്ടുമെന്നും മൂന്നാം മോദി സർക്കാരിന്റെ കാലത്തു പദ്ധതി നടപ്പാക്കുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.
2014 മുതൽ കഴിഞ്ഞ മൂന്നു പൊതുതെരഞ്ഞെടുപ്പിലും ബിജെപി പ്രകടനപത്രികയിൽ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. മൂന്നു മാസത്തിലൊരിക്കൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരൊറ്റ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രഖ്യാപിച്ചിരുന്നു. "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
വർഷം തോറും തെരഞ്ഞെടുപ്പുകൾ നടത്തുന്നതു മൂലമുള്ള പ്രശ്നങ്ങളും ഭാരിച്ച ചെലവുകളും കുറയ്ക്കുന്നതിനാണു രാജ്യത്താകെ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതെന്ന്, മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വോട്ടെടുപ്പുകൾ സമന്വയിപ്പിക്കുന്നതു ത്വരിത സാന്പത്തിക വളർച്ചയ്ക്കും കാരണമാകും. തുടരെയുള്ള തെരഞ്ഞെടുപ്പുകൾ ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ 32 രാഷ്ട്രീയ പാർട്ടികൾ പദ്ധതിയെ അനുകൂലിച്ചതായും 15 പാർട്ടികൾ എതിർത്തതായും സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി മാർച്ചിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനാണു ബിജെപി വാഗ്ദാനം ചെയ്തതിന് അനുസരിച്ചുള്ള റിപ്പോർട്ട് കോവിന്ദ് കമ്മിറ്റി സമർപ്പിച്ചത്.
ഭരണഘടനാ ഭേദഗതി അനിവാര്യം
രാജ്യത്താകെ ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കണമെങ്കിൽ രണ്ടു സുപ്രധാന ഭരണഘടനാ ഭേദഗതികൾ അടക്കം ചുരുങ്ങിയത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണ്.
ലോക്സഭയുടെ കാലാവധി നിജപ്പെടുത്തിയ അനുച്ഛേദം 83ലും സംസ്ഥാന നിയമസഭയുടെ ദൈർഘ്യം കൈകാര്യം ചെയ്യുന്ന അനുച്ഛേദം 172ലും ഭേദഗതികൾ അനിവാര്യമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതികൾ പാസാക്കേണ്ടതുണ്ട്. ഇതിനു പുറമെ രാജ്യത്തെ പകുതി നിയമസഭകളെങ്കിലും ഭേദഗതികൾ അംഗീകരിക്കുകയും വേണം.
നിലവിൽ ലോക്സഭയിൽ ബിജെപിക്ക് 240ഉം, എൻഡിഎക്ക് 292 ഉം എംപിമാരുമാണുള്ളത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് 364 എംപിമാരുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം പോലുമില്ല. എൻഡിഎക്ക് 112 എംപിമാരുള്ളപ്പോൾ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് 164 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.
ഇടക്കാല തെരഞ്ഞെടുപ്പുകൾ 2029നു ശേഷവും ഒഴിവാകില്ല
"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ യാഥാർഥ്യമായാലും ഇടക്കാല തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനാകില്ല. ലോക്സഭയിലോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ സർക്കാരിനു ഭൂരിപക്ഷം നഷ്ടമാകുകയും സഭ പിരിച്ചുവിടുകയും ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തണമെന്നാണു രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശിപാർശ. ഫലത്തിൽ ഒരൊറ്റ തെരഞ്ഞെടുപ്പെന്ന വാഗ്ദാനം അപ്പാടെ നടപ്പിലാകില്ല.
പല സംസ്ഥാനങ്ങളിലും ഒരു ഘട്ടമായിപോലും തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയാത്ത കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു രാജ്യത്താകെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുകയെന്നതും വലിയ വെല്ലുവിളിയാണ്. മണിപ്പുരിൽ ഒരു ലോക്സഭാ മണ്ഡലത്തിൽ രണ്ടു ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പു നടന്നത്.
അഞ്ചു വർഷ കാലാവധി തികയ്ക്കാതെ ഇടക്കാല തെരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ ശേഷിക്കുന്ന കാലയളവിലേക്കു മാത്രമാകും അതാതു സഭകളുടെ നിലനിൽപ്.
രാജ്യസഭാംഗങ്ങളുടെ ആറു വർഷ കാലാവധിക്കു മുന്പ് ഏതെങ്കിലും അംഗം രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്താൽ ഇതേപോലെ ശേഷിക്കുന്ന കാലയളവിലേക്കാണു തെരഞ്ഞെടുപ്പു നടത്തുക.
കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ സർക്കാരുകൾ പിരിച്ചുവിടേണ്ടിവരും
ന്യൂഡൽഹി: ഇന്ത്യയിലാകെ ഒരുമിച്ചു തെരഞ്ഞെടുപ്പുകൾ നടത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം പ്രാവർത്തികമായാൽ കേരളം അടക്കം 17 സംസ്ഥാന നിയമസഭകൾ മൂന്നു വർഷത്തിൽ താഴെ കാലാവധിയിലും കർണാടക അടക്കം 10 സഭകൾ ഒരു വർഷത്തിൽ താഴെ കാലാവധിയിലും പിരിച്ചുവിടേണ്ടിവരും.
2029ൽ ഏകീകൃത തെരഞ്ഞെടുപ്പു നടത്തണമെങ്കിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാലാവധിക്കു മുന്പേ നിയമസഭകൾ പിരിച്ചുവിടേണ്ടി വരും. പരിവർത്തന സമയത്തു മിക്ക സംസ്ഥാന സർക്കാരുകളുടെയും കാലാവധി വെട്ടിച്ചുരുക്കപ്പെടും.
കർണാടക, തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഒരു വർഷമോ അതിൽ താഴെയോ കാലത്തേക്കു മാത്രമേ അധികാരത്തിലിരിക്കാൻ കഴിയൂ.
കഴിഞ്ഞ വർഷം പുതിയ സർക്കാരുകൾ രൂപവത്കരിച്ച ഈ 10 സംസ്ഥാനങ്ങളിലെ നിയമസഭളുടെ കാലാവധി 2028ൽ അവസാനിക്കുന്പോൾ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകളും സർക്കാരും ഒരു വർഷത്തിനകം പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുകയും ചെയ്യും.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളും നിയമസഭകളും മൂന്നു വർഷത്തിനു ശേഷം പിരിച്ചുവിടുന്ന സ്ഥിതിയുണ്ടാകും.
2026ൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുണ്ടായാലും മൂന്നു വർഷം നീണ്ടുനിൽക്കുന്ന സർക്കാരുകൾ ഉണ്ടായിരിക്കും.
2027ൽ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ടു വർഷമോ അതിൽ കുറവോ ആയിരിക്കും സർക്കാരുകൾക്കു ലഭിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം പൂർത്തിയായതോ ഈ വർഷാവസാനവും അടുത്ത വർഷത്തിന്റെ തുടക്കത്തിലും തെരഞ്ഞെടുപ്പു നടക്കാനുള്ളതോ ആയ മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, ഹരിയാന, ജമ്മു കാഷ്മീർ, ഒഡീഷ, ബിഹാർ, ഡൽഹി, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും നിയമസഭകൾക്കും മാത്രമാണ് ഏകദേശം അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയുക.