"വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിമാരുടെ മുഖത്തേറ്റ അടി'; ‘ബുൾഡോസർ രാജ് ’വിധിയിൽ കോൺഗ്രസ്
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. വിദ്വേഷം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും മുഖത്തേറ്റ അടിയാണിത്.
ബുൾഡോസർ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും പ്രതീകമായി മാറിയെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപി സർക്കാരുകളുടെ അന്യായവും മനുഷ്യത്വരഹിതവുമായ ബുൾഡോസർ നീതിക്കു നേരേ പിടിച്ച കണ്ണാടിയായി സുപ്രീംകോടതി വിധിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
“അടിച്ചമർത്തലിന്റെയും അനീതിയുടെയും ബുൾഡോസർ ഉപയോഗിച്ച് ഭരണഘടനയെ തകർത്ത് ആൾക്കൂട്ടത്തിന്റെയും ഭയത്തിന്റേതുമായ ഭരണകൂടം സ്ഥാപിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. എന്നാൽ, ഈ രാജ്യം ഭരണഘടനയനുസരിച്ചാണു പ്രവർത്തിക്കുന്നത്. ബുൾഡോസർ രാജ് അംഗീകരിക്കാനാവില്ലെന്നു കോടതി അസന്നിഗ്ധമായി വ്യക്തമാക്കി”- പ്രിയങ്ക പറഞ്ഞു.
ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരുടെ വസ്തുവകകൾ ഇടിച്ചുനിരത്തുന്നത് കഴിഞ്ഞദിവസമാണു സുപ്രീംകോടതി തടഞ്ഞത്. ബുൾഡോസർ രാജിന് ഒക്ടോബർ ഒന്നു വരെ രാജ്യമെങ്ങും സുപ്രീംകോടതി വിലക്കേർപ്പെടുത്തി.
പൊതുസ്ഥലങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കൽ ഒഴികെ സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാത്തരം ഇടിച്ചുനിരത്തലുകൾക്കും മുൻകൂർ അനുമതി വേണമെന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ക്രിമിനൽ കേസിൽപ്പെട്ട ഒരാളുടെ വീട് ബുൾഡോസർ ഉപയോഗിച്ചു തകർക്കും എന്ന മുനിസിപ്പൽ അധികൃതരുടെ ഭീഷണിക്കെതിരേയുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സർക്കാർ റോഡുകൾ, നടപ്പാതകൾ, റെയിൽവേ ഭൂമി, പൊതുജല സ്രോതസുകൾ എന്നിവയിലെ കൈയേറ്റമൊഴികെ എല്ലാ ഒഴിപ്പിക്കൽ നടപടികൾക്കും നിയന്ത്രണം ബാധകമാണ്.
ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റിലാകുന്നവരുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്ന സംഭവങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തിരുന്നത് ഉത്തർപ്രദേശിലായിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ആസാം, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും യുപിയുടെ മാതൃക പിന്തുടർന്ന് പ്രതികളാക്കപ്പെട്ട നിരവധി പേരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുനിരത്തി.