കോൽക്കത്ത കൊലപാതകം: പോലീസിലും ആരോഗ്യവകുപ്പിലും അഴിച്ചുപണി
Wednesday, September 18, 2024 1:57 AM IST
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒരു മാസമായി സംസ്ഥാനത്തു തുടരുന്ന ഡോക്്ടർമാരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു.
സമരക്കാർ ആവശ്യപ്പെട്ടതിനുസരിച്ച് കോൽക്കത്ത പോലീസ് കമ്മീ ഷണർ വിനീത് ഗോയലിനെ നീക്കിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള അഡീഷണല് ഡിജിപിയെ നഗരത്തിന്റെ പുതിയ കമ്മീഷണറായി നിയമിക്കുകയും ചെയ്തു.
കോൽക്കത്ത ഡെപ്യൂട്ടി കമ്മീഷണർ (നോർത്ത് ഡിവിഷൻ) അഭിഷേക് ഗുപ്തയെ ഇഎഫ്ആർ രണ്ടാം ബറ്റാലിയൻ കമാൻഡറായി സ്ഥലം മാറ്റി. ഈസ്റ്റ് സിലഗുരി ഡിസി ദീപക് സർക്കാരാണ് നോർത്ത് ഡിവിഷനിലെ പുതിയ ഡെപ്യൂട്ടി കമ്മീ ഷണർ.
ആരോഗ്യവകുപ്പിലും അഴിച്ചുപണി തുടങ്ങി. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്്ടർ ഡോ. കൗസ്തവ് നായകിനെ ആരോഗ്യ-കുടുംബ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്്ടറായി നിമയിച്ചു. ആരോഗ്യവകുപ്പ് ഡയറക്്ടർ ദേബശിഷ് ഹൽദാറിനെ പൊതുജനാരോഗ്യവിഭാഗം ഒഎസ്ഡിയായും നിയമിച്ചു. ഈ രണ്ട് ഉദ്യോഗസ്ഥരെയും മാറ്റണമെന്ന സമരക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ജൂണിയർ ഡോക്്ടർമാരുമായി തിങ്കളാഴ്ച രാത്രി അഞ്ചു മണിക്കൂർ നീണ്ട ചർച്ചയിൽ സ്ഥലംമാറ്റം ഉൾപ്പെടെ സമരക്കാർ ഉന്നയിച്ച അഞ്ചിന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഡോക്്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി തിങ്കളാഴ്ച രാത്രി അവസാനിച്ച ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്്ടർക്കുനീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒന്പതിനാണ് ജൂണിയർ ഡോക്്ടർമാർ സംസ്ഥാന വ്യാപകമായി സമരം തുടങ്ങിയത്.
ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ അതേ ഗൗരവത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷയെന്ന് ജൂണിയർ ഡോക്്ടർമാരുടെ പ്രതിനിധികൾ പറഞ്ഞു. തീരുമാനങ്ങൾ നടപ്പാക്കിയശേഷം സമരം പിൻവലിച്ചതായി പ്രഖ്യാപിക്കാമെന്നാണ് ജുണിയർ ഡോക്്ടർമാരുടെ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.