കോണ്‍ഗ്രസിന് നാല് പാർലമെന്റ് സമിതികൾ
Wednesday, September 18, 2024 1:57 AM IST
ന്യൂഡൽഹി: പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ നാലെണ്ണം കോണ്‍ഗ്രസിന്. ലോക്സഭയുടെ വിദേശകാര്യം, കൃഷി-ഗ്രാമവികസനം, ഗ്രാമവികസനം എന്നീ സമിതികളും രാജ്യസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുമാകും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു നൽകുക.
പാർലമെന്റിലെ പ്രതിപക്ഷത്തിന് നൽകുന്ന പ്രധാന സംയുക്ത സമിതിയായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി കെ.സി. വേണുഗോപാലിനെ നേരത്തേ നിയമിച്ചിരുന്നു.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
കീഴ്വഴക്കം അനുസരിച്ച് 2014 വരെ പ്രതിപക്ഷ എംപിമാരായിരുന്നു ഈ പ്രധാന സമിതികളുടെ അധ്യക്ഷന്മാർ. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ അംഗബലം ഇല്ലെന്ന കാരണത്താലാണ് 2014ലും 2019ലും കോണ്‍ഗ്രസിന് ഈ സമിതികളുടെ അധ്യക്ഷസ്ഥാനം നിരസിച്ചത്.
പുതിയ ലോക്സഭയിൽ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ എംപിമാർ ഉണ്ടെങ്കിലും ബിജെപി കീഴ്വഴക്കം പാലിക്കാൻ തയാറായില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലോക്സഭയിൽ 16 സ്റ്റാൻഡിംഗ് കമ്മിറ്റികളും രാജ്യസഭയിൽ എട്ട് കമ്മിറ്റികളുമാണുള്ളത്. പാർലമെന്റിൽ പാസാക്കേണ്ട നിയമനിർമാണങ്ങൾ വിശദമായി പരിശോധിക്കുന്നതിലും കരടു തയാറാക്കുന്നതിലും നിർണായക പങ്ക് ഇത്തരം സമിതികൾക്കുണ്ട്.
പ്രതിപക്ഷത്തിന് മാന്യമായ ബഹുമാനം നൽകാത്ത സർക്കാരിന്റെ നടപടികൾ ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു ചേരാത്തതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.