മണിപ്പുരിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
Tuesday, September 17, 2024 1:49 AM IST
ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാനപാലനം ലക്ഷ്യമിട്ട് താഴ്വരയിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സർവീസിന് ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ചു. ക്രമസമാധാന നില വിലയിരുത്തിയ ശേഷമാണു തീരുമാനമെന്ന് ആഭ്യന്തരവകുപ്പ് കമ്മീഷണർ എൻ. അശോക് കുമാർ അറിയിച്ചു.
വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതിനെത്തുടർന്ന് കഴിഞ്ഞ പത്തിനാണ് ഇന്റർനെറ്റ് സേവനം വിലക്കിയത്. മൂന്നുദിവസത്തിനുശേഷം ബ്രോഡ്ബാൻഡ് സർവീസുകൾ പുനഃസ്ഥാപിച്ചുവെങ്കിലും മൊബൈൽ ഇന്റർനെറ്റിന് വിലക്ക് തുടർന്നിരുന്നു.
സമീപദിവസങ്ങളിൽ അക്രമസംഭവങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷാസേന താഴ്വരയിലുൾപ്പെടെ ജാഗ്രത തുടരുകയാണ്. അതിനിടെ അക്രമസംഭവങ്ങളിൽ പങ്കാളിയായ ചുരാചന്ദ്പുർ സ്വദേശിയായ 34 കാരനെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. ഗോഹട്ടി പോലീസിന്റെ പ്രത്യേക ദൗത്യസംഘം കഴിഞ്ഞ 13നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു മണിപ്പുർ പോലീസ് അറിയിച്ചു.
യുണൈറ്റഡ് കുക്കി നാഷണൽ ആർമിയുടെ സ്വയം പ്രഖ്യാപിത ഫിനാൻസ് സെക്രട്ടറിയാണ് അറസ്റ്റിലായ ഇയാൾ. ദേശീയപാത രണ്ടിലെ സാപെർമിയിന പാലത്തിന് ബോംബ് വച്ചതും തമംഗ്ലോംഗിൽ ഐഒസിഎൽ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയതും ഉൾപ്പെടെ സംഭവങ്ങളിൽ 34കാരനു പങ്കുണ്ടെന്ന് മണിപ്പുർ പോലീസ് പറഞ്ഞു.