സമരം തീർക്കാൻ മമതയുടെ തീവ്രശ്രമം
Sunday, September 15, 2024 2:27 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിലുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തീവ്രശ്രമം.
സമരം ചെയ്യുന്ന ജൂണിയർ ഡോക്ടർമാരുടെ പ്രതിനിധികളുമായി ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിൽ നിശ്ചയിച്ചിരുന്ന ചർച്ച അനിശ്ചിതമായി നീളുകയാണ്. ചർച്ചയുടെ തത്സമയ സംപ്രേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതോടെയാണിത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സംപ്രേഷണം അനുവദിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
ചർച്ചയുടെ വീഡിയോ ദൃശ്യം സുപ്രീംകോടതിയുടെ അനുമതിയോടെ സമരക്കാർക്കു നൽകാമെന്നും അവർ പറഞ്ഞു. ചർച്ച വേണമെന്ന് ഡോക്ടർമാർ തന്നെയാണ് ആവശ്യപ്പെട്ടത്. അതിനായി കാത്തിരിക്കുകയായിരുന്നു. ഇത്തരത്തിൽ തന്നെ അപമാനിക്കരുതെന്നും സമരക്കാരോടു മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ സമരം തീർക്കാനുള്ള നിർണായക നീക്കമെന്ന നിലയിൽ മുഖ്യമന്ത്രി ഇന്നലെ പ്രതിഷേധക്കാരെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്പിൽ ഡോക്ടർമാർ പ്രതിഷേധിക്കുകയായിരുന്നു.
സർക്കാർ പലതവണ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ വഴങ്ങിയിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ നാടകീയമായി മുഖ്യമന്ത്രി സമരപ്പന്തലിലെത്തിയത്.
മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് താൻ വന്നിരിക്കുന്നതെന്ന് മമതാ ബാനർജി പറഞ്ഞു. “എനിക്ക് നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ മനസിലാകും. ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചയാളാണ്.
എന്റെ സ്ഥാനത്തിൽ ഞാൻ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങൾ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല”-സമരക്കാരോടു മുഖ്യമന്ത്രി പറഞ്ഞിരുന്നു.