"ദീപ് ജ്യോതി'യെ ലാളിച്ച് മോദിയുടെ വീഡിയോ
Sunday, September 15, 2024 2:27 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നരേന്ദ്ര മോദി പുതിയ പശുക്കിടാവുമൊത്ത് കളിച്ചുരസിക്കുന്ന പുതിയ വീഡിയോ വൈറലായി.
പ്രധാനമന്ത്രിയുടെ ലോക് കല്യാണ് മാർഗിലെ ഏഴാംനന്പർ വസതിയിൽ വളർത്തുന്ന പശുവിനുണ്ടായ കുട്ടിയുമായി വീടിനുള്ളിലടക്കം മോദി സമയം ചെലവിടുന്ന വീഡിയോയും ചിത്രങ്ങളും അദ്ദേഹംതന്നെയാണ് എക്സിൽ പങ്കുവച്ചത്.
നെറ്റിയിൽ പ്രകാശത്തിന്റെ അടയാളമുള്ള പശുക്കിടാവിന് “ദീപ്ജ്യോതി’’ എന്നാണു പേരിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗോക്കൾ സർവസുഖം പ്രദാനം ചെയ്യുന്നു (ഗാവ് സർവസുഖ് പ്രദാ) എന്നു നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നുവെന്നും മോദി എഴുതി.
“ലോക് കല്യാണ് മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു പുതിയ അംഗം ശുഭകരമായി എത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ, പ്രിയപ്പെട്ട ഗോമാതാവ് ഒരു പുതിയ പശുക്കുട്ടിയെ പ്രസവിച്ചു. അതിന്റെ നെറ്റിയിൽ ഒരു പ്രകാശത്തിന്റെ അടയാളമുണ്ട്. അതിനാൽ, ഞാൻ അതിന് ദീപ് ജ്യോതി എന്നു പേരിട്ടു -എക്സിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ മോദി പറഞ്ഞു.
പശുക്കിടാവുമൊത്ത് പ്രധാനമന്ത്രി വസതിയിലെ ക്ഷേത്രത്തിലിരിക്കുന്നതും വീടിനുള്ളിലേക്കും പുറത്തെ പൂന്തോട്ടത്തിലേക്കും മോദി കിടാവിനെ എടുത്തുകൊണ്ടുപോകുന്നതും കാണാം. പൂജാമുറിയിൽവച്ച് പശുക്കിടാവിനെ മാലയും പുടവയും അണിയിക്കുന്നുമുണ്ട്. “ലോക് കല്യാണ് മാർഗിലെ ഏഴിൽ പുതിയ അംഗം! ദീപ്ജ്യോതി ശരിക്കും ആരാധ്യയാണ്’’- മറ്റൊരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അടക്കം ഹൈന്ദവ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നതാണ് പ്രധാനമന്ത്രിയുടെ പശുക്കിടാവുമൊത്തുള്ള വീഡിയോയെന്ന് ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞു.