സീതാറാം യെച്ചൂരി ഓർമയിൽ
Friday, September 13, 2024 2:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് രണ്ടാഴ്ചയായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം.
ഇന്നു വൈകുന്നേരത്തോടെ മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽനിന്ന് വസന്ത്കുഞ്ജിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഡൽഹി ഗോൾ മാർക്കറ്റിനു സമീപമുള്ള എകെജി സെന്ററിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകും.
ന്യുമോണിയ ബാധ ഗുരുതരമായതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഡയാലിസിസ് അടക്കമുള്ള ചികിത്സകളും നടത്തിയിരുന്നു. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
മുതിർന്ന പത്രപ്രവർത്തകയായ ഭാര്യ സീമ ചിഷ്ടി മരണസമയത്ത് സമീപത്തുണ്ടായിരുന്നു. അന്തരിച്ച മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖില യെച്ചൂരി, ഡാനിഷ് എന്നിവരാണു മക്കൾ.
ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും ആദരാഞ്ജലി അർപ്പിക്കാനായി ഭൗതികശരീരം ഇന്ന് ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ജിലുള്ള യെച്ചൂരിയുടെ വസതിയിലെത്തിക്കും. യെച്ചൂരിയുടെ അഭിലാഷം മാനിച്ചാണു സംസ്കാര ശുശ്രൂഷകൾ ഉപേക്ഷിച്ച് മൃതദേഹം എയിംസ് ആശുപത്രിക്കു വിട്ടുനൽകുന്നതെന്ന് കുടുംബാംഗങ്ങളും സിപിഎം നേതാക്കളും അറിയിച്ചു.
മരണത്തിനു മുന്പായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, സിപിഎം പിബി അംഗം വൃന്ദ കാരാട്ട് തുടങ്ങിയവർ ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ അനുശോചിച്ചു.
രാഹുൽ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ നേരത്തേ ആശുപത്രിയിലെത്തി രോഗവിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, പ്രഫ. കെ.വി. തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ നടത്തുന്നത്.