ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനമില്ല: രാഹുൽ ഗാന്ധി
Friday, September 13, 2024 2:27 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് സൈനികരെയും വനിതാസുഹൃത്തുക്കളെയും ആക്രമിച്ച് ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിജെപിക്കെതിരേ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
തോക്കിൻമുനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനമില്ലെന്ന് ആരോപിച്ചു.
ദാരുണമായ സംഭവം സമൂഹത്തിനാകെ നാണക്കേടാണെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലുണ്ടായ സംഭവത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രി സ്ത്രീസുരക്ഷയെക്കുറിച്ച് വലുതായി സംസാരിക്കുന്നുണ്ടെങ്കിലും സ്ത്രീകൾ അവരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഗൗരവതരമായ ഇടപെടലിനുവേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പ്രിയങ്ക പ്രതികരിച്ചു.