ചീഫ് ജസ്റ്റീസിന്റെ വീട്ടിലെ ഗണപതിപൂജ: പ്രധാനമന്ത്രി പങ്കെടുത്തതിൽ വിമർശനം
Friday, September 13, 2024 2:27 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വീട്ടിലെത്തി ഗണപതിപൂജയിൽ പങ്കെടുത്തതിൽ വിമർശനവുമായി മുതിർന്ന അഭിഭാഷകരും പ്രതിപക്ഷവും.
ജുഡീഷറിയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരങ്ങൾ തമ്മിലെ വേർതിരിവിൽ ചീഫ് ജസ്റ്റീസ് വിട്ടുവീഴ്ച വരുത്തിയെന്നും നടപടിയെ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് പറഞ്ഞു.
സംഭവം നീതിന്യായ വകുപ്പിന്റെ നിഷ്പക്ഷതയെപ്പറ്റി ജനങ്ങളിൽ സംശയം ജനിപ്പിക്കുമെന്ന് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പ്രതികരിച്ചു.
ഭരണഘടനയുടെ സംരക്ഷകൻ രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി എതിർകക്ഷിയായിട്ടുള്ള കേസുകളിൽ പ്രതിപക്ഷത്തിന് നീതി ലഭിക്കുമോ എന്നതു സംശയമാണെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്ജയ് റൗത്ത് പ്രതികരിച്ചു.
പ്രതിപക്ഷത്തിന് പ്രതികൂലമായി സമീപകാലത്ത് സുപ്രീംകോടതി വിധിച്ച കേസുകളുടെ പട്ടികയും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു. ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റീസിനെ ഓർമിപ്പിച്ചുകൊണ്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തി. സന്ദർശനത്തിൽ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും ഗണപതിപൂജ ആഘോഷങ്ങൾ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ബിജെപി പ്രതികരിച്ചു.
പ്രധാനമന്ത്രിയായിരിക്കെ 2009ൽ ഡോ. മൻമോഹൻസിംഗ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അന്നത്തെ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ പങ്കെടുത്തതിന്റെ ഫോട്ടോ എക്സിലൂടെ പുറത്തുവിട്ട ബിജെപി വക്താവ് ഷെക്സാദ് പൂനാവാല, പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വീട് സന്ദർശിച്ചതു വിവാദമാക്കുന്ന പ്രതിപക്ഷ നടപടി ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടി.