ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ കല്ലേറ്; 52 പേർ അറസ്റ്റിൽ
Friday, September 13, 2024 2:27 AM IST
നാഗമംഗല (കർണാടക): മാണ്ഡ്യ ജില്ലയിലെ ബദരികൊപ്പാലു ഗ്രാമത്തിൽ നടന്ന ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറിനു പിന്നാലെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും അടിച്ചുതകർത്തു തീയിട്ടു.
കല്ലേറിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ഘോഷയാത്രയിൽ പങ്കെടുത്തവർ പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാഗമംഗലയിൽ 14 വരെ മാണ്ഡ്യ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനുള്ള ചിലരുടെ ഗൂഢതന്ത്രമാണ് അക്രമത്തിനു പിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, അക്രമം വർഗീയലഹളയല്ലെന്നും ആ നിമിഷത്തെ അതിക്രമമാണെന്നും ആഭ്യന്ത്രമന്ത്രി ജി. പരമേശ്വര പറഞ്ഞു.