മധ്യപ്രദേശിലെ ഇൻഡോറിൽ സൈനികരെ ആക്രമിച്ചു കൊള്ളയടിച്ചു, വനിതാ സുഹൃത്തിനെ കൂട്ടമാനഭംഗം ചെയ്തു
Friday, September 13, 2024 2:27 AM IST
ഭോപ്പാല്‍: ആർമി ഉദ്യോഗസ്ഥരെ ആക്രമിച്ച് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തുക്കളിലൊരാളെ കൂട്ടമാനഭംഗം ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ജാം ഗേറ്റിനു സമീപം കഴിഞ്ഞദിവസമായിരുന്നു അതിക്രൂരമായ സംഭവം.
തോക്കിൻമുനയിൽ നിർത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടിയതായി എഎസ്പി രൂപേഷ് ദ്വിവേദി അറിയിച്ചു. ആറുപേരെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.
മോവ് ആര്‍മി വാർ കോളജിൽ പരിശീലനത്തിനെത്തിയ മേജർ റാങ്കിലുള്ള നാല് ആർമി ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടി ജാമിനു സമീപമുള്ള ഫയറിംഗ് റേഞ്ച് കാണാൻ പോയതായിരുന്നു ഇവർ. പുലർച്ചെ രണ്ടരയോടെ ഉദ്യോഗസ്ഥരിൽ ഒരാളും വനിതാ സുഹൃത്തും കാറിലിരിക്കെ ഏഴംഗ കൊള്ളസംഘം ഇവർക്കരികിൽ എത്തുകയായിരുന്നു.
ബഹളം കേട്ട് മറ്റുള്ളവർ ഓടിയെത്തിയെങ്കിലും തോക്കിൻ മുനയിൽ നിർത്തി കൊള്ളസംഘം ഇരുവരെയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇരുവരെയും വിട്ടുനൽകണമെങ്കിൽ പത്തു ലക്ഷം രൂപ വേണമെന്ന് കൊള്ളസംഘം ആവശ്യപ്പെട്ടു. ഇതിനിടയിൽ ഉദ്യോഗസ്ഥരിൽ ഒരാൾ മുതിർന്ന ആർമി ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇദ്ദേഹം ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികൾ കാട്ടിലേക്ക് രക്ഷപ്പെട്ടു.
യുവതികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട നാലുപേരെയും സിവിൽ ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ പരിശോധനയിലാണ് ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്.
ഉദ്യോഗസ്ഥരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അക്രമിസംഘം കൊള്ളയടിച്ചതായി പരാതിയിൽ പറയുന്നുണ്ട്. പ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കിയതായി പോലീസ് അറിയിച്ചു.
പോലീസ് പത്തു സംഘങ്ങളായി തിരിഞ്ഞാണു പ്രതികൾക്കായി തെരച്ചിൽ നടത്തിവരുന്നത്.