രാഹുലിന്റെ പരാമർശങ്ങൾ രാജ്യവിരുദ്ധം: അമിത് ഷാ
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്തു നടത്തുന്ന പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
രാഹുൽ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പരാമർശങ്ങളാണു നടത്തുന്നതെന്നും ജനങ്ങളുടെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും അമിത് ഷാ സമൂഹമാധ്യമമായ എക്സിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ഇന്ത്യയുടെ വിഭജനം ആഗ്രഹിക്കുന്ന ശക്തികളുമായി കൈ കൈകോർക്കുകയാണ്.
രാഹുലിന്റെ പ്രതികരണങ്ങൾ രാജ്യത്തു ഭിന്നത സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ തന്ത്രം തുറന്നുകാട്ടുന്നതാണ്. സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സംവരണവിരുദ്ധ അജൻഡ പ്രകടമായെന്നും ബിജെപി നിലനിൽക്കുന്നിടത്തോളം കാലം സംവരണം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അമേരിക്കയിലെ ജോർജ്ടൗണ് സർവകലാശാലയിലെ സന്ദർശത്തിനിടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും തുല്യപ്രാതിനിധ്യം ഉറപ്പാക്കിയാൽ സംവരണം അവസാനിപ്പിക്കുമെന്നും എന്നാൽ ഇന്ത്യ ഇപ്പോൾ ആ ലക്ഷ്യത്തിൽനിന്ന് വളരെയകലെയാണെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
ജാതി സെൻസസ് നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ രാഹുൽ, സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്കു നേരിടേണ്ടിവരുന്ന അസമത്വവും ചൂണ്ടിക്കാട്ടിയിരുന്നു.