കാളിന്ദി എക്സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം: ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു
Thursday, September 12, 2024 3:18 AM IST
കാൻപുർ: ഉത്തർപ്രദേശിൽ മൂന്നു ദിവസം മുന്പ് കാളിന്ദി എക്സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
എൽപിജി സിലിണ്ടർ റെയിൽപാളത്തിനു കുറുകെയിട്ടും സ്ഫോടകവസ്തുക്കൾ നിരത്തിയുമാണ് അട്ടിമറിക്കു ശ്രമം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാത്രി 8.30ന് ശിവരാജ്പുരിൽ ബാരജ്പുരിനും ബിൽഹൗറിനുമിടയിലായിരുന്നു സംഭവം. കാൺപുരിലെ അൻവർഗഞ്ചിൽനിന്ന് ഭീവണ്ടിയിലേക്കുപോവുകയായിരുന്നു ട്രെയിൻ. ട്രെയിൻ സിലിണ്ടറിലിടിച്ചെങ്കിലും ബോഗികൾ പാളം തെറ്റിയിരുന്നില്ല.
ദേശീയ അന്വേഷണ ഏജൻസിയും തീവ്രവാദവിരുദ്ധ സ്ക്വാഡുമാണ് കേസ് അന്വേഷിക്കുന്നത്. ഗ്യാസ് ഏജൻസി, പ്രദേശത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവർ, കടയുടമകൾ എന്നിവരെയാണ് ചോദ്യം ചെയ്തത്. കസ്റ്റഡിയിലുള്ളവരിൽ പശ്ചിമബംഗാളിൽനിന്നെത്തിയ ഒരു യുവാവുമുണ്ട്.