യെച്ചൂരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Thursday, September 12, 2024 3:18 AM IST
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരുതരമെങ്കിലും സ്ഥിരതയോടെ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും അണുബാധയുടെ വ്യാപനം നിലച്ചത് നേരിയ ആശ്വാസമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
യെച്ചൂരിയെ സന്ദർശിക്കുന്നതിനായി സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ രാത്രി ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, ഐസിയുവിൽ സന്ദർശകരെ അനുവദിക്കുന്നില്ല. രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സി. വേണുഗോപാൽ എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കൾ നേരത്തേ എയിംസിലെത്തി രോഗവിവരം അന്വേഷിച്ചിരുന്നു.
സോണിയ ഗാന്ധിയും മറ്റു നേതാക്കളും ടെലിഫോണിൽ വിളിച്ച് അന്വേഷണം നടത്തുന്നുണ്ട്.72 കാരനായ യെച്ചൂരിക്ക് തുടർന്നും ഓക്സിജൻ നൽകണമെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു.
ന്യുമോണിയ മൂലമുള്ള നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.