വിദ്യാർഥിപ്രക്ഷോഭത്തിൽ സ്തംഭിച്ച് മണിപ്പുർ
Wednesday, September 11, 2024 2:18 AM IST
ഇംഫാൽ: കലാപഭൂമിയായ മണിപ്പുരിൽ വിദ്യാർഥിപ്രക്ഷോഭവും ശക്തമാകുന്നു. ഇതേത്തുടർന്ന് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണു സർക്കാർ.
പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷാസേനയെയും വിന്യസിച്ചു. ഇന്നലെ വിദ്യാർഥികളും സ്ത്രീകളും നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 56 വിദ്യാർഥികൾക്കു പരിക്കേറ്റു. ഡിജിപിയെയും സംസ്ഥാനസർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിങ്കളാഴ്ച മുതൽ കവ്രംബന്ദ് വുമൺ മാർക്കറ്റിൽ തുടരുന്ന നൂറുകണക്കിനു വിദ്യാർഥികളാണ് ബിടി റോഡിലൂടെ രാജ്ഭവനിലേക്കു മാർച്ച് ചെയ്തത്. കോൺഗ്രസ് ഭവനു സമീപം സുരക്ഷാസേന പ്രക്ഷോഭകരെ തടഞ്ഞു. ഇതിനു പുറമേ മണിപ്പുർ സർവകലാശാലാ വിദ്യാർഥികളും നഗരത്തിൽ പ്രതിഷേധ റാലി നടത്തി കേന്ദ്രമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.
തിങ്കളാഴ്ച നടത്തിയ പ്രതിഷേധ മാർച്ചുകളിലും വലിയതോതിൽ സംഘർഷമുണ്ടായിരുന്നു. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു.
തൗബാൽ ജില്ലാ ആസ്ഥാനത്ത് മെയ്തെയ് പതാകയും ഉയർത്തി. ദേശീയപതാക അഴിച്ചുമാറ്റിയായിരുന്നു പ്രതിഷേധമെന്നാണു പ്രചാരണമെങ്കിലും ജില്ലാഭരണകൂടം ഇതു നിഷേധിച്ചു. പ്രക്ഷോഭത്തെ നേരിടാൻ താഴ്വരയിലെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കക്ചിംഗ് ജില്ലകളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു.
സംസ്ഥാനവ്യാപകമായി നിരോധനമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അഞ്ചു ജില്ലകളിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ ചിത്രങ്ങളും പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുകയാണു ലക്ഷ്യമെന്ന് നിരോധന ഉത്തരവിൽ പറഞ്ഞു.
ഡിജിപിയെയും സുരക്ഷാ ഉപദേഷ്ടാവിനെയും മാറ്റുന്നതിനു പുറമെ സംയുക്ത സൈന്യത്തിന്റെ ചുമതല മുഖ്യമന്ത്രിക്കു നൽകുക, സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തുക തുടങ്ങിയവയാണു വിദ്യാർഥികളുടെ ആവശ്യം.
അതേസമയം, ഡ്രോണും അത്യാധുനിക മിസൈലുകളും ഉപയോഗിച്ചു നടന്ന ആക്രമണത്തിനുശേഷം അതിസങ്കീർണ സാങ്കേതിക സംവിധാനമുള്ള റോക്കറ്റിന്റെ പിൻഭാഗം കണ്ടെത്തിയതായി മണിപ്പുർ പോലീസ് പറഞ്ഞു.
ആക്രമണത്തിന് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചില്ലെന്ന ആസാം റൈഫിൾസ് മുൻ ഡിജി ലഫ്.ജനറൽ പി.സി. നായരുടെ അഭിപ്രായപ്രകടനം തെറ്റാണെന്നും പോലീസ് പറഞ്ഞു. മെയ്തെയ് വിഭാഗക്കാർക്കുവേണ്ടിയാണു പോലീസ് പ്രവർത്തിക്കുന്നതെന്ന് ലഫ്. ജനറൽ പി.സി. നായർ പറഞ്ഞിരുന്നു.
സുരക്ഷയ്ക്കായി 2000 സിആർപിഎഫ് ജവന്മാരെക്കൂടി വിന്യസിക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകി. തെലുങ്കാനയിലെ വാറങ്കലിൽനിന്നും ജാർഖണ്ഡിലെ ലതിഹറിൽനിന്നുമുള്ള ബറ്റാലിയനുകളാണ് മണിപ്പുരിലെത്തുക. ആദ്യസംഘത്തെ ചുരാചന്ദ്പുരിലും രണ്ടാം സംഘത്തെ ഇംഫാലിലുമാകും വിന്യസിക്കുക.
മണിപ്പുരിൽ സേവനമനുഷ്ഠിച്ചിരുന്ന ആസാം റൈഫിൾസിന്റെ രണ്ട് ബറ്റാലിയനുകളെ ജമ്മു-കാഷ്മീരിലേക്കു മാറ്റിയിരുന്നു. ഇതേത്തുടർന്നാണു സിആർപിഎഫ് ജവാന്മാരെ എത്തിച്ചത്.