എൻജിനിയർ റാഷിദിന് ഇടക്കാല ജാമ്യം
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗം എൻജിനിയർ റാഷിദിന് ഡൽഹി പട്യാല ഹൗസ് കോടതി ഒക്ടോബർ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു ഷെയ്ഖ് അബ്ദുൾ റാഷിദ് എന്ന എൻജിനിയർ റാഷിദ് കോടതിയിൽ ജാമ്യം തേടിയത്. 2017ൽ തീവ്രവാദ ഫണ്ടിംഗ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത റാഷിദ് 2019 മുതൽ തിഹാർ ജയിലിലാണ്.
2022ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച റാഷിദ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിലിൽനിന്നു സ്വതന്ത്രനായി മത്സരിച്ചാണ് ജമ്മു- കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയത്.
റാഷിദിന്റെ അവാമി ഇത്തെഹാദ് പാർട്ടി ബിജെപിയോടൊപ്പം സഖ്യമുണ്ടാക്കിയാൽ സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു.